അടിത്തറ ശക്തിപ്പെടുത്താന്‍ സ്വര്‍ണ്ണ പണയ വായ്പയെ പ്രോത്സാഹിപ്പിച്ച് ബാങ്കുകള്‍

June 30, 2020 |
|
News

                  അടിത്തറ ശക്തിപ്പെടുത്താന്‍ സ്വര്‍ണ്ണ പണയ വായ്പയെ പ്രോത്സാഹിപ്പിച്ച് ബാങ്കുകള്‍

ബാങ്കിംഗ് ബിസിനസിലെ അവഗണിക്കപ്പെട്ട നിലയില്‍ നിന്നും കുറേക്കാലമായി മുന്നോട്ടുവന്നിട്ടുള്ളതാണ് സ്വര്‍ണ്ണ പണയ വായ്പാ വിഭാഗം. പരമ്പരാഗത മേഖലകളിലെല്ലാം തന്നെ കിട്ടാക്കടം പെരുകി വരുമ്പോള്‍ സുസ്ഥിര ആസ്തിയും സുഭദ്ര ലാഭക്ഷമതയുമുള്ള സ്വര്‍ണ്ണ പണയത്തിന്റെ കരം പിടിച്ചുമുന്നേറാമെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു അത്യാധുനിക ബാങ്കുകള്‍.

ബാങ്കിന്റെ  അടിത്തറ ശക്തിപ്പെടുത്താന്‍ അനുയോജ്യമായ വഴിയാണിതെന്ന് ബാങ്കുകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. വിപരീത കാലാവസ്ഥകളെയും മറികടന്ന് സ്വര്‍ണ്ണ വായ്പ കമ്പനികള്‍ മെച്ചപ്പെട്ട ലാഭം നേടുമ്പോള്‍ അയഞ്ഞ കടിഞ്ഞാണ്‍ നേരെയാക്കാനുള്ള ബദ്ധപ്പാടിലാണ് പ്രമുഖ ബാങ്കുകള്‍ പോലും.

മൂന്നു മിനിട്ട് കൊണ്ട് സ്വര്‍ണത്തിന്റെ ആകെ മൂല്യത്തിന്റെ 75 ശതമാനം തുക ഉപഭോക്താവിന് നല്‍കുന്ന സ്വര്‍ണപ്പണയ വായ്പയാണ് കേരള ബാങ്ക് ലോക്ഡൗണ്‍ സമയത്ത് അവതരിപ്പിച്ചത്. മാത്രമല്ല കോവിഡ് ലോക്ഡൗണിന്റെ പഞ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസി കുടുംബങ്ങളെ സഹായിക്കാന്‍ മൂന്നു ശതമാനം പലിശയില്‍ 50, 000 രൂപ വരെ നല്‍കുന്ന പ്രവാസി ഗോള്‍ഡ് ലോണ്‍ പദ്ധതിയും അവതരിപ്പിച്ചു. 3155 കോടി രൂപയുടെ സ്വര്‍ണ വായ്പയില്‍ 500 കോടി രൂപ കഴിഞ്ഞ രണ്ട് മാസം കൊണ്ട് മാത്രം കേരള ബാങ്ക് വിതരണം ചെയ്തു. എല്ലാ ശാഖകളിലൂടെയും സ്വര്‍ണ പണയ വായ്പ 8.9 ശതമാനം നിരക്കിലും കാര്‍ഷിക വായ്പ 4 ശതമാനം നിരക്കിലും നല്‍കിവരുന്നുണ്ട്.

സംസ്ഥാനത്തെ മുന്‍നിരക്കാരായ രണ്ട് സ്വര്‍ണ്ണ വായ്പ കമ്പനികളുടെയും,  നാല് പതിറ്റാണ്ട് പഴക്കമുള്ള ബാങ്കുകളുടെയും നാലാം പാദത്തിലെ പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ പുറത്തുവരുന്ന ചിത്രം കൗതുകകരമാണ്. മുത്തൂറ്റ് ഫിനാന്‍സ് നാലാം പാദത്തില്‍ പ്രഖ്യാപിച്ച ലാഭം 815 കോടി രൂപ. മണപ്പുറത്തിന്റേത് 398.2 കോടിയായിരുന്നു. ഫെഡറല്‍ ബാങ്ക് കൈവരിച്ച ലാഭമാകട്ടെ 301.2 കോടി രൂപ. സിഎസ്ബി ബാങ്കും ധനലക്ഷ്മിയും യഥാക്രമം 12.72 കോടി രൂപയും 2.6 കോടി രൂപയും മാത്രം ലാഭം നേടിയപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 143.9 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. ബാങ്കുകള്‍ പഴയ ജാഡയ്ക്കു വിട നല്‍കി എന്‍ബിഎഫ്‌സികളെ അനുകരിച്ച് സ്വര്‍ണ്ണ പണയ പോര്‍ട്ട്‌ഫോളിയോ മിനുക്കുന്നത് ഈ സാഹചര്യത്തിലാണ്.

മൂലധന ഭാരം കുറഞ്ഞു നില്‍ക്കുന്നുവെന്നതും  നിലവിലെ സാഹചര്യങ്ങളില്‍ വായ്പയുടെ വീണ്ടെടുക്കല്‍ സാധ്യത ഏകദേശം 100 ശതമാനമാണെന്നതും ബാങ്കുകളുടെ വീക്ഷണ കോണില്‍ സ്വര്‍ണ്ണ പണയത്തിന്റെ അനന്യ മേന്മകളാണ്. സ്വര്‍ണ്ണ വായ്പ പോര്‍ട്ട്‌ഫോളിയോ വളരുമ്പോഴും   ബാങ്കുകള്‍ക്ക് മൂലധനത്തെച്ചൊല്ലി വളരെയധികം വിഷമിക്കേണ്ടതില്ല. മറ്റ് വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗോള്‍ഡ് ലോണുകളില്‍ വരുമാനം കൂടുതലുണ്ട്.

ചില സാഹചര്യങ്ങളില്‍ 24 ശതമാനവും അതിന് മുകളിലുമുള്ള പലിശ സ്വര്‍ണ്ണ വായ്പ കമ്പനികള്‍ ഇടാക്കുന്നുണ്ട്. അതേസമയം, 12 മുതല്‍ 15 വരെ ശതമാനമാണ് ബാങ്കുകളുടെ  നിരക്ക്. ആ നിരക്കു പോലും നല്ല വരുമാനം നേടിത്തരുന്നുണ്ടെന്ന് ഒരു ബാങ്കിന്റെ ഫിനാന്‍ഷ്യല്‍  കണ്‍ട്രോളറെ  ഉദ്ധരിച്ചുള്ള 'ബിസിനസ്‌ബെഞ്ച്മാര്‍ക്ക് ഡോട് കോം' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് കഴിഞ്ഞ വര്‍ഷം 1200 കോടി രൂപ നിക്ഷേപിച്ച സിഎസ്ബി ബാങ്കാണ് പരമ്പരാഗത വായ്പകളുടെ വഴിയില്‍ മാറ്റം വരുത്താന്‍ ആദ്യം ശ്രമിച്ച ബാങ്ക്. മൊത്തം വായ്പാ പുസ്തകത്തിന്റെ 31 ശതമാനം സ്വര്‍ണ്ണ വായ്പ പോര്‍ട്ട്‌ഫോളിയോയുടേതാക്കുന്നതില്‍ സിഎസ്ബി ബാങ്ക് വിജയിച്ചു. സമീപഭാവിയില്‍ തന്നെ സ്വര്‍ണ്ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 40 ശതമാനം ആക്കുമെന്ന്  എംഡിയും ചീഫ് എക്സിക്യൂട്ടീവുമായ സിവിആര്‍ രാജേന്ദ്രന്‍ പറയുന്നു.ഓവര്‍ ഡ്രാഫ്റ്റ് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന നൂതനമായ സ്വര്‍ണ്ണ വായ്പ ഉല്‍പന്നമായ 'അക്ഷയ ഗോള്‍ഡ് ലോണ്‍' സിഎസ്ബി ബാങ്ക് അവതരിപ്പിച്ചിരുന്നു. എടുക്കുന്ന തുകയ്ക്കു മാത്രം പലിശ നല്‍കിയാല്‍ മതിയാകും ഇതില്‍.

ഫെഡറല്‍ ബാങ്കും സ്വര്‍ണ്ണ വായ്പയെ ഗൗരവമായി കാണുന്നു.ബാങ്ക് റീട്ടെയില്‍ വിഭാഗത്തില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചതില്‍ സ്വര്‍ണ്ണ വായ്പകളുടെ ഗണ്യമായ പങ്ക് എംഡിയും ചീഫ് എക്‌സിക്യൂട്ടീവുമായ ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വര്‍ണ്ണ വായ്പ 28.68 ശതമാനം വര്‍ധിച്ച് 9,301 കോടിയിലെത്തി; ചില്ലറ വായ്പാ പോര്‍ട്ട്ഫോളിയോയുടെ നാലിലൊന്ന് വരും ഇത്.കാര്‍ഷിക സ്വര്‍ണ്ണ വായ്പകള്‍, ബിസിനസ് സ്വര്‍ണ്ണ വായ്പകള്‍, ഓവര്‍ ഡ്രാഫ്റ്റ് വായ്പകള്‍, ഇഎംഐ സ്വര്‍ണ്ണ വായ്പകള്‍, ബുള്ളറ്റ് തിരിച്ചടവ് വായ്പകള്‍ തുടങ്ങിയ പദ്ധതികളും ഫെഡറല്‍ ബാങ്കിനുണ്ട്. സ്വര്‍ണ്ണ വായ്പകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ഫിന്‍ടെക് കമ്പനിയുമായി സഹകരിച്ച് 'ഡിജിറ്റല്‍ പവര്‍ ഡോര്‍സ്റ്റെപ്പ് ഗോള്‍ഡ് ലോണ്‍' സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്.

എസ്ഐബിയുടെ സ്വര്‍ണ്ണ വായ്പാ പോര്‍ട്ട്ഫോളിയോ കഴിഞ്ഞ വര്‍ഷം നാലിലൊന്ന് വര്‍ദ്ധിച്ചു. 2216 കോടിയില്‍ നിന്ന് 2,757 കോടി രൂപയായി.ഇതിനു പുറമേ  9873 കോടി രൂപയുടെ കാര്‍ഷിക വായ്പകളും 15,819 കോടി രൂപയുടെ എംഎസ്എംഇ വായ്പകളും സ്വര്‍ണ്ണ കൊളാറ്ററല്‍ പിന്തുണയോടെ വിതരണം ചെയ്തു.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വര്‍ണത്തിന്റെ മൂല്യം ഉയര്‍ന്നതോടെ സ്വര്‍ണ പണയ വായ്പാ രംഗത്തും വര്‍ധനവുണ്ടായിട്ടുണ്ട്. ബാങ്കുകളിലെയും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളിലെയും സ്വര്‍ണ പണയ വായ്പകള്‍ കൂടിവരുന്നതിന് കൊറോണ പ്രതിസന്ധിയും ഒരു കാരണമാണ്. 2022-ഓടെ ഇന്ത്യയിലെ സ്വര്‍ണപണയ വായ്പകള്‍ 4617 ബില്യണ്‍ രൂപയുടേതായി മാറും എന്നാണ് കണക്കാക്കുന്നത്. 13.4 ശതമാനമാണ് ഈ രംഗത്ത് വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, കാനറ ബാങ്ക് എന്നിവയും കുറച്ച് കാലമായി സംസ്ഥാനത്തെ സ്വര്‍ണ്ണ വായ്പ വിപണിയില്‍ സജീവമാണ്.

Related Articles

© 2025 Financial Views. All Rights Reserved