
ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള വിഖ്യാത ഫാഷന്‍ ബ്രാന്‍ഡായ ഷീന്‍ ഇന്ത്യയില്‍ വലിയ പ്രചാരം നേടിയിരുന്നു. ആപ്പ് വഴിയായിരുന്നു ഇന്ത്യയില്‍ പ്രധാനമായും വില്‍പന നടത്തിയിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് ഈ ചൈനീസ് ആപ്പിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇപ്പോള്‍, ഒന്നര വര്‍ഷത്തിന് ശേഷം, ഷീന്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ വരുന്നു. ആമസോണ്‍ വഴിയാണ് വീണ്ടും വിപണിയിലേക്കെത്തുന്നത്.
ഷീനിന്റെ ആപ്പിന് ഇന്ത്യ താത്കാലിക വിലക്ക് ആയിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. നികുതി വെട്ടിപ്പ് ആരോപിച്ചായിരുന്നു ഇത്. ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനും നിരോധനമുണ്ടായിരുന്നു. ക്ലബ്ബ് ഫാക്ടറി, ആലി എക്സ്പ്രസ് തുടങ്ങിയ ചൈനീസ് ആപ്പുകള്‍ക്കൊപ്പം ആയിരുന്നു ഷീനും നിരോധിക്കപ്പെട്ടത്.
എന്നാല്‍ ഈ ആപ്പുകള്‍ ഇന്ത്യയില്‍ തിരികെ എത്തും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷേ, 2020 ല്‍ ഒട്ടേറെ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ കൂട്ടത്തില്‍ ഷീന്‍ ആപ്പും സമ്പൂര്‍ണ നിരോധനത്തിന്റെ പട്ടികയില്‍ പെട്ടു. ഷീന്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ അത്ര സുഗമമൊന്നും ആയിരുന്നില്ല മുമ്പും. 2019 ല്‍ മുംബൈ കസ്റ്റംസ് വകുപ്പിന്റെ ചില നീക്കങ്ങളെ തുടര്‍ന്ന് വില്‍പന താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. മാത്രമല്ല, അന്ന് ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ തീരുവയേക്കാള്‍ കുറഞ്ഞ തീരുവ അടക്കുന്നു എന്നതായിരുന്നു അന്നത്തെ ആരോപണം,
എന്തായാലും ഷീനിന് ഇന്ത്യയില്‍ ഇനി നേരിട്ട് വിപണി കണ്ടെത്താനോ വില്‍പന നടത്താനോ സാധിക്കില്ല. ഈ അവസരത്തിലാണ് ആമസോണിന്റെ പ്രൈം ഡേ സെയിലില്‍ ഷീന്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ജൂലായ് 26 നും 27 നും ആണ് പ്രൈം ഡേ വില്‍പന. ആമസോണ്‍ ഫാഷന്‍സിന് കീഴില്‍ ആണിത്. ഷീന്‍ തന്നെ ആണ് ആമസോണിലെ 'സെല്ലര്‍'. അതായത് വില്‍പനക്കാരന്‍ എന്നതും ഉറപ്പായിട്ടുണ്ട്. പക്ഷേ, അവരുടെ സ്വന്തം വെബ്സൈറ്റ് വഴിയുള്ള വില്‍പന ഇന്ത്യയില്‍ സാധ്യമാവില്ല. വെബ്സൈറ്റും ഇന്ത്യയില്‍ ലഭ്യമല്ല. ഷീന്‍ ഇന്ത്യയില്‍ ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. യുവാക്കള്‍ ആയിരുന്നു പ്രധാനമായും ഇതിന്റെ ഉപഭോക്താക്കള്‍, പ്രത്യേകിച്ചും മില്ലെനിയല്‍സ്. കുറഞ്ഞ വിലയും ട്രെന്‍ഡി ആയിട്ടുള്ള ഫാഷനും ആയിരുന്നു യുവാക്കളെ ഷീനിലേക്ക് ആകര്‍ഷിച്ചിരുന്നത്.