
തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ തയ്യാറായി. ഒരു ദിവസത്തിനകം പ്ലേസ്റ്റോറില്‍ ലഭ്യമാകും. രണ്ട് ദിവസത്തിനകം തന്നെ സംസ്ഥാനത്ത് മദ്യ വില്‍പ്പന തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്. സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ തുടര്‍ന്നുള്ള തീരുമാനങ്ങള്‍ ഇനി സര്‍ക്കാറിന്റേയും ബിവറേജസ് കോര്‍പറേഷന്റെയും ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്.
നാളെ മുതല്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമായി തുടങ്ങും. ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി ടോക്കണ്‍ കിട്ടിയാല്‍ തൊട്ടടുത്ത ദിവസം തന്നെ വില്‍പ്പന തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതേസമയം, എസ്എംഎസ് നിരക്ക് നിശ്ചയിക്കാനായി ചീഫ് സെക്രട്ടറി മൊബൈല്‍ കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്. എസ്എംഎസ് മുഖേന മദ്യം ബുക്ക് ചെയ്യുമ്പോള്‍ ടെലഫോണ്‍ കമ്പനിക്ക് നല്‍കേണ്ട നിരക്ക് നിശ്ചയിക്കാനാണ് യോഗം.
ഏറെ അനിശ്ചിതങ്ങള്‍ക്ക് ഒടുവില്‍ ആണ് ഓണ്‍ലൈന്‍ വഴി ടോക്കണെടുത്ത് മദ്യം വാങ്ങുന്നതിനുള്ള ആപ്പിന് ഗൂഗിളിന്റെ അനുമതി കിട്ടുന്നത്. സുരക്ഷ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച ഏഴ് പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതിക്കായി അയച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അനുമതി കിട്ടിയതെന്നാണ് ഫെയര്‍കോ ടെക്‌നോളജീസ് അറിയിക്കുന്നത്. സാങ്കേതികമായ കാര്യങ്ങളെല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക് മണിക്കൂറുകള്‍ക്കകം തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി തുടങ്ങും. സാധാരണ ഫോണുപയോഗിക്കുന്നവര്‍ എസ്എംഎസ് ബുക്കിംഗ് ആണ് നടത്തേണ്ടത്.
മദ്യം വാങ്ങുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചാണ് ഇ ടോക്കണ്‍ നല്‍കുന്നതും എവിടെ നിന്ന് മദ്യം വാങ്ങണമെന്ന് നിര്‍ദ്ദേശിക്കുന്നതും. ഉപഭോക്താക്കള്‍ക്ക് കിട്ടുന്ന ക്യു ആര്‍ കോഡ് മദ്യ വില്‍പ്പന ശാലകളില്‍ പരിശോധിക്കും. നാല് ദിവസത്തിലൊരിക്കലാകും ഒരാള്‍ക്ക് മദ്യം കിട്ടുക, അതും പരമാവധി മൂന്ന് ലിറ്റര്‍ വരെ.