ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വിവാഹമോചിതരാകുന്നു: 146 ബില്യണ്‍ ഡോളര്‍ സമ്പത്ത് ഇനി ആര്‍ക്ക്?

May 04, 2021 |
|
News

                  ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വിവാഹമോചിതരാകുന്നു:  146 ബില്യണ്‍ ഡോളര്‍ സമ്പത്ത് ഇനി ആര്‍ക്ക്?

വാഷിംഗ്ടണ്‍: ബില്‍ ഗേറ്റ്‌സും മെലിന്‍ഡ ഗേറ്റ്‌സും വിവാഹമോചിതരാകുകയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇരുവരുടെയും സമ്പത്തിന് മേലുളള ചര്‍ച്ചകളാണ് സകലയിടങ്ങളിലും സജീവമാകുന്നത്. ശതകോടിക്കണക്കിന് ഡോളര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന ഇരുവരുടെയും പേരിലുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി എങ്ങനെയാകും എന്ന ആശങ്കയും പലരിലുമുണ്ട്.

27 വര്‍ഷത്തെ വിവാഹ ബന്ധത്തിനാണ് ഇരുവരും അന്ത്യം കുറിക്കുന്നത്. ടെക്‌നോളജി ബിസിനസിലും റിയല്‍റ്റി മേഖലയിലുമെല്ലാം ഇത് വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും. ബ്ലൂംബര്‍ഗ് ബില്ല്യണയേഴ്‌സ് സൂചിക അനുസരിച്ച് 146 ബില്യണ്‍ ഡോളറാണ് ഇരുവരും കൈകാര്യം ചെയ്യുന്ന സമ്പത്ത്. ഇത് എത്തരത്തിലാണ് വിഭജിക്കുകയെന്ന കാര്യത്തില്‍ ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.   

അതേസമയം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. 65കാരനായ ബില്‍ ഗേറ്റ്‌സാണ് ടെക് ലോകത്ത് വലിയ മാറ്റത്തിന് നാന്ദി കുറിച്ച മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ അഞ്ചാമനാണ് ബില്‍ ഗേറ്റ്‌സ്. വിവാഹമോചനം പൂര്‍ത്തിയാകുന്നതോടെ ശതകോടീശ്വര സമ്പന്ന പട്ടികയുടെ ആദ്യ സ്ഥാനങ്ങളില്‍ നിന്ന് ബില്‍ ഗേറ്റ്‌സ് പുറത്തായേക്കുമെന്നും സൂചനയുണ്ട്.

56കാരിയായ മെലിന്‍ഡ ഗേറ്റ്‌സ് മൈക്രോസോഫ്റ്റില്‍ മാനേജറായിരുന്നു. എന്നാല്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് എത്തിയതോടെയാണ് ആഗോള ശ്രദ്ധയിലേക്ക് മെലിന്‍ഡ ഉയര്‍ന്നത്. 50 ബില്യണ്‍ ഡോളറിലധികം വരുന്ന തുക ഈ സ്ഥാപനം ഇതിനോടകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു.   
2019ല്‍ ജെഫ് ബെസോസും മക്കെന്‍സീ സ്‌കോട്ടും വിവാഹമോചിതരായതിന് ശേഷം ശതകോടീശ്വര ലോകത്ത് നടക്കുന്ന അടുത്ത സെലിബ്രിറ്റി വിവാഹമോചനമാണിത്. ആ വിവാഹമോചനത്തിന് ശേഷം മക്കെന്‍സീ ഒറ്റയടിക്ക് ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. ആമസോണ്‍ സ്റ്റോക്കില്‍ കേന്ദ്രീകരിച്ചായിരുന്നു ബെസോസിന്റെ സമ്പത്തെങ്കില്‍ ബില്‍-മെലിന്‍ഡ സഖ്യത്തിന്റേത് അങ്ങനെയല്ല. അതിനാല്‍ തന്നെ സമ്പത്ത് വിഭജിക്കുകയെന്നത് വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ബില്‍ ഗേറ്റ്‌സിന്റെ സമ്പത്തിന്റെ ആദ്യ സ്രോതസുകള്‍ മൈക്രോസോഫ്റ്റ് തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് കമ്പനിയില്‍ വളരെ കുറച്ച് ഓഹരി മാത്രമേയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. സമ്പത്തിന്റെ നല്ലൊരു ഭാഗവും ബില്‍ മെലിന്‍ഡ ആന്‍ഡ് ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് ബോര്‍ഡില്‍ നിന്ന് ഒഴിഞ്ഞ ശേഷം കമ്പനിയില്‍ അദ്ദേഹത്തിന് കൃത്യമായി എത്ര ശതമാനം ഓഹരിയുണ്ടെന്ന കാര്യം വ്യക്തമല്ല. ബില്‍ ഗേറ്റ്‌സിന്റെ ഏറ്റവും വലിയ ആസ്തി കാസ്‌കേഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന ഹോള്‍ഡിംഗ് കമ്പനിയാണ്. റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം, ഹോസ്പിറ്റാലിറ്റി തുടങ്ങി ഒട്ടനവധി മേഖലകളില്‍ കമ്പനിക്ക് നിക്ഷേപമുണ്ട്. കനേഡിയന്‍ നാഷണല്‍ റെയ്ല്‍വേയില്‍ വരെ ഈ കമ്പനിക്ക് ഓഹരിയുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved