
മുംബൈ: ലോക സമ്പന്നരില്‍ പ്രധാനിയായ ബില്‍ ഗേറ്റ്‌സ് ഔദ്യോഗിക സ്ഥാനമൊഴിഞ്ഞു. മൈക്രോസോഫ്റ്റിന്റെയും ബെര്‍ക്ഷയര്‍ ഹാത്വേയുടെയും ബോര്‍ഡുകളില്‍ നിന്നാണ് ബില്‍ ഗേറ്റ്‌സ് സ്ഥാനമൊഴിഞ്ഞത്. ലോകത്തിലെ രണ്ടാമത്തെ ധനികനും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് നടത്തുന്ന ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇത് ചെയ്യുന്നതെന്ന് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ലോകത്തിലെ ഏറ്റവും വലിയ ധനികന്‍.
മൈക്രോസോഫ്റ്റ്, ബെര്‍ക്ഷയര്‍ ഹാത്വേ എന്നീ പൊതു ബോര്‍ഡുകളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഞാന്‍ എടുത്തിട്ടുണ്ട്. ആഗോള ആരോഗ്യം, വികസനം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഇടപെടല്‍ എന്നിവ ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി കൂടുതല്‍ സമയം നീക്കിവയ്ക്കുന്നു. ബെര്‍ക്ക്ഷെയര്‍ കമ്പനികളിലെയും മൈക്രോസോഫ്റ്റിലെയും നേതൃത്വം ഒരിക്കലും ശക്തമായിരുന്നില്ല. അതിനാല്‍ ഈ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ഗേറ്റ്‌സ് തന്റെ പോസ്റ്റില്‍ പറയുന്നു.
2000 ല്‍ ഗേറ്റ്‌സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ഇറങ്ങി സ്റ്റീവ് ബാല്‍മര്‍ തല്‍സ്ഥാനത്ത് എത്തിയ ശേഷം മൈക്രോസോഫ്റ്റില്‍ ഗേറ്റ്‌സിന്റെ സജീവമായ ഇടപെടലുകള്‍ കുറഞ്ഞിരുന്നു. 2008 മുതല്‍ അതിന്റെ ദൈനംദിന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് അദ്ദേഹം നിര്‍ത്തി. 1975 ല്‍ പോള്‍ അല്ലനുമായി ചേര്‍ന്ന് സ്ഥാപിച്ച മൈക്രോസോഫ്റ്റില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ഒരു ശതമാനം ഓഹരി മാത്രമേയുള്ളൂ.
ഇപ്പോള്‍ സത്യ നാഡെല്ല സിഇഒ ആയിരിക്കുന്ന മൈക്രോസോഫ്റ്റ് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനികളില്‍ ഒന്നാണ്. വിപണി മൂലധനം ഒരു ട്രില്യണ്‍ ഡോളറാണ്. കമ്പനിയുടെ വിന്‍ഡോസ് സോഫ്‌റ്റ്വെയറും മൈക്രോസോഫ്റ്റ് ഓഫീസ് ഉല്‍പ്പന്നങ്ങളും വിപണിയില്‍ ആധിപത്യം തുടരുമ്പോഴും ക്ലൗഡ് സേവനങ്ങളിലേക്കും കമ്പനി ശ്രദ്ധ തിരിക്കുകയും ലാഭവിഹിതം നേടുകയും ചെയ്തു.
ബെര്‍ക്ക്ഷെയര്‍ ഹാത്വേ സ്ഥാപകന്‍ വാറന്‍ ബഫെറ്റും ഗേറ്റ്‌സും മികച്ച സുഹൃത്തുക്കളാണ്. എന്നിരുന്നാലും ഒറാക്കിള്‍ ഓഫ് ഒമാഹ ഒരിക്കലും ഗേറ്റ്‌സിന്റെ കമ്പനിയില്‍ നിക്ഷേപം നടത്താന്‍ തയാറായിട്ടില്ല. കാരണം സാങ്കേതികവിദ്യയെ മനസിലാക്കാന്‍ വയോധികനെന്ന നിലയില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. ഗേറ്റ്‌സ് 2004 ലാണ് ബെര്‍ക്ഷയര്‍ ബോര്‍ഡില്‍ ചേര്‍ന്നത്. ബെര്‍ക്ക്ഷെയര്‍ ബോര്‍ഡില്‍ സേവനമനുഷ്ഠിക്കാന്‍ സാധിച്ചത് എന്റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയാണ്. അവിടെ ചേരുന്നതിന് വളരെ മുമ്പുതന്നെ വാറനും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. വളരെക്കാലം അതങ്ങനെ തുടരുകയും ചെയും. ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹ-ട്രസ്റ്റികളും ദ ഗിവിംഗ് പ്ലെഡ്ജ് സഹസ്ഥാപകരും എന്ന നിലയില്‍ തുടര്‍ പങ്കാളിത്തത്തിനായി പ്രതീക്ഷിക്കുന്നതായും ഗേറ്റ്‌സ് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ദാരിദ്ര്യത്തിനെതിരെയും എയ്ഡ്‌സ്, പോളിയോ, മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയും പോരാടുന്നതിനായി ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് രൂപ സംഭാവന നല്‍കുന്നതുള്‍പ്പെടെയുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഗേറ്റ്‌സ് ശ്രദ്ധ കേന്ദ്രീകരിച്ച് വരുകയാണ്.