
ബംഗളുരു: ഫ്‌ളിപ്പ്കാര്‍ട്ട് സഹ സ്ഥാപകനായ ബിന്നി ബന്‍സാല്‍ പുതിയ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ഇന്‍ഷൂറന്‍സ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ അക്കോ ടെക്‌നോളജി ആന്റ് സര്‍വീസസില്‍ കൂടുതല്‍ മൂലധനനിക്ഷേപം നടത്താനാണ് അദേഹം പദ്ധതിയിടുന്നത്. 143.5 കോടി രൂപയാണ് നിക്ഷേപിക്കുക. ഈ നിക്ഷേപം എത്തുന്നതോടെ ഇന്‍ഷൂറന്‍സ് സ്ഥാപനത്തിലെ ആകെ നിക്ഷേപം 45 മില്യണ്‍ ഡോളറാകും.
സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ ഏറ്റവും വലിയ നിക്ഷേപത്തിനാണ് ബിന്നി ബന്‍സാല്‍ ഒരുങ്ങുന്നത്. 2016ല്‍ വരുണ്‍ ദുവ ആരംഭിച്ച ടെക്‌നോളജി സ്റ്റാര്‍ട്ടപ്പാണ് അക്കോ ടെക്‌നോളജി ആന്റ് സര്‍വീസസ്. വെഞ്ച്വറീസ്റ്റ് ആന്റ് ബേയറിങ് പ്രൈവറ്റ് ഇക്വിറ്റി പാട്‌ണേഴ്‌സ് ഇന്ത്യയും അക്കോയ്ക്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണ റൗണ്ടില്‍ പങ്കെടുത്തേക്കും. ഇന്ത്യയുടെ ഇന്‍ഷുറന്‍സ് മേഖലയിലെ കമ്പനികള്‍ക്ക് 49% വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ്ഡിഐ) പരിധി ഉണ്ട്.