ബിറ്റ്കോയിന്‍ മൂല്യം വീണ്ടും കുതിച്ചുയര്‍ന്നു; മൂല്യം 60000 ഡോളര്‍ പിന്നിട്ടു

April 12, 2021 |
|
News

                  ബിറ്റ്കോയിന്‍ മൂല്യം വീണ്ടും കുതിച്ചുയര്‍ന്നു; മൂല്യം 60000 ഡോളര്‍ പിന്നിട്ടു

ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്നത്. ഇപ്പോഴിതാ ബിറ്റ്കോയിന്‍ മൂല്യം വീണ്ടും കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഒരു ബിറ്റ്കോയിന്റെ മൂല്യം അറുപതിനായിരം ഡോളര്‍ മറികടന്നിരിക്കുകയാണ്. പത്ത് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ബിറ്റ്കോയിന്‍ അറുപതിനായിരം ഡോളര്‍ മൂല്യം മറികടക്കുന്നത്. ഇക്കണക്കിനാണെങ്കില്‍ ക്രിപ്റ്റോകറന്‍സിയിലെ ഈ വമ്പന്‍മാര്‍ റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിക്കുമെന്നാണ് വിലയിരുത്തല്‍.

ഒടുവില്‍ ബിറ്റ്കോയിന്‍ മൂല്യത്തില്‍ ഉണ്ടായ വര്‍ദ്ധന 1.32 ശതമാനം ആണ്. ഇതോടെ ഒരു യൂണിറ്റ് ബിറ്റ്കോയിന്റെ വില 60,555.97 ഡോളറില്‍ ആണ് വ്യാപാരം അവസാനിച്ചത്. അതായത് നാല്‍പത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ. ഇക്കഴിഞ്ഞ ജനുവരി നാലിന് ബിറ്റ്കോയിന്റെ മൂല്യം 27,734 ഡോളര്‍ ആയിരുന്നു. അതാണ് ഇപ്പോള്‍ അറുപതിനായിരം ഡോളര്‍ മറികടന്നിരിക്കുന്നത്. മൊത്തം 118.3 ശതമാനത്തിന്റെ മൂല്യ വര്‍ദ്ധനയാണ് മൂന്ന് മാസം കൊണ്ട് ഉണ്ടായിരിക്കുന്നത്.

ആദ്യമായി ബിറ്റ്കോയിന്‍ മൂല്യം അറുപതിനായിരം ഡോളര്‍ മറികടന്നത് ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് ായിരുന്നു. അന്ന് ഒരു യൂണിറ്റ് ബിറ്റ്കോയിന്റെ മൂല്യം 61,781.83 ഡോളര്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പിന്നീട് ഇത് 61,222.22 ഡോളര്‍ ആയി. ഇക്കണക്കിന് പോയാല്‍ ബിറ്റ്കോയിന്‍ മൂല്യം ഇനിയും കുതിച്ചുയരും എന്നാണ് വിലയിരുത്തല്‍. 2021 ല്‍ തന്നെ അറനൂറ് ശതമാനം മൂല്യവര്‍ദ്ധനയുണ്ടാകും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഒരു യൂണിറ്റ് ബിറ്റ്കോയിന്റെ മൂല്യം നാല് ലക്ഷം ഡോളര്‍ വരെ ഉയര്‍ന്നേക്കും.

ബിറ്റ്കോയിന്‍ കുതിച്ചുകയറുമ്പോഴും സാമ്പത്തിക വിദഗ്ധര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഈ കുതിപ്പ് കണ്ട് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ സൂക്ഷിക്കണം എന്നാണ് അവരുടെ ഉപദേശം. ക്രിപ്റ്റോകറന്‍സികള്‍ക്ക് പല രാജ്യങ്ങളിലും അംഗീകാരമില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നം. കൊവിഡ് കാലത്ത് ലോകമെങ്ങും വിപണികള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. എണ്ണവിപണി കുത്തനെ തകര്‍ന്നടിയുകയും ചെയ്തു. എന്നാല്‍ ആ സമയത്ത് ബിറ്റ്കോയിന്‍ ഓരോ ദിവസവും കുതിച്ചുയരുകയായിരുന്നു. അതിനിടെ ചില തിരിച്ചടികളും ബിറ്റ്കോയിന്‍ വിപണി നേരിട്ടിരുന്നു.

2017 ല്‍ ഒരു ബിറ്റ് കോയിന്റെ മൂല്യം 777.76 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു. പിന്നീട് ഇത് 19,497.40 ഡോളര്‍ വരെ ആയി ആ വര്‍ഷം തന്നെ കുതിച്ചുയരുകയും ചെയ്തിരുന്നു. 2021 ല്‍ ബിറ്റ്കോയിന് ഊര്‍ജ്ജം പകര്‍ന്ന പ്രധാന സംഭവം 1.9 ട്രില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ കൊവിഡ് 19 ഉത്തേജക പാക്കേജ് ആയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved