
മുംബൈ: ലോക്ഡൗണ്‍ കാരണം തിയേറ്ററില്ല. ഓണ്‍ലൈന്‍ ബുക്കിംഗുകളില്ല. പ്രതിസന്ധി ബുക്ക് മൈ ഷോയെയും ബാധിച്ചിരിക്കുകയാണ്. 200 ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. സിനിമാ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ആപ്പാണ് ബുക്ക് മൈ ഷോ. എന്നാല്‍ ഇന്ത്യയില്‍ ഒരു കൊല്ലത്തോളമായി തിയേറ്റര്‍ പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഉത്തരേന്ത്യയും മുംബൈയും അടങ്ങുന്ന ഇടങ്ങളില്‍ തിയേറ്റര്‍ ഒട്ടും തുറക്കാത്ത അവസ്ഥയായിരുന്നു. അതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി നിര്‍ബന്ധിതരായത്.
രണ്ടാം തരംഗത്തില്‍ വന്‍ പ്രതിസന്ധിയാണ് കമ്പനി നേരിട്ടത്. ആദ്യ തരംഗത്തില്‍ 270 ജീവനക്കാരെ ബുക്ക്മൈഷോ പിരിച്ചുവിട്ടിരുന്നു. രണ്ടാം തരംഗത്തില്‍ ദക്ഷിണേന്ത്യയില്‍ അടക്കം തിയേറ്ററുകള്‍ അടച്ചുപൂട്ടേണ്ടി വന്നു. ഇത് ബുക് മൈ ഷോയെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. സിനിമയില്ലാതായതോടെ ബുക്കിംഗുകളും ഇല്ലാതായി. വേറെ മാര്‍ഗങ്ങളൊന്നുമില്ലാത്തത് കൊണ്ടാണ് ഏറ്റവും ആത്മാര്‍ത്ഥയോടെയും കഴിവുകള്‍ പ്രകടിപ്പിച്ചും ജോലി ചെയ്തിരുന്നവരെയാണ് പുറത്താക്കേണ്ടി വന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ആശിഷ് ഹേമരജനി പറഞ്ഞു.
ഇവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനായി ആശിഷ് അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. അതേസമയം പുതിയൊരു പാഠമാണ് ഞാന്‍ ഇന്ന് പഠിച്ചത്. ഏറ്റവും മികച്ചവരെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. എല്ലാവരും എനിക്ക് മെസേജ് അയച്ച് നന്ദി പറഞ്ഞു. വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ടാണ് അവരെ ഇവിടെ വരെയെത്തിച്ചത്. ഏറ്റവും മികവ് പുലര്‍ത്തുന്നവരെയാണ് പുറത്താക്കേണ്ടി വന്നത്. ഇവര്‍ക്ക് മറ്റാരെങ്കിലും ജോലി നല്‍കണമെന്നും ആശിഷ് അഭ്യര്‍ത്ഥിച്ചു.
ബുക്ക്മൈഷോയുടെ വരുമാനത്തില്‍ 65 ശതമാനവും ഓണ്‍ലൈന്‍ വഴിയുള്ള സിനിമാ ബുക്കിംഗിലൂടെയാണ് ലഭിക്കുന്നത്. എന്നാല്‍ കൊവിഡ് മൂലം പ്രതിസന്ധി രൂക്ഷമായതോടെ തിയേറ്ററുകള്‍ അടച്ചിടേണ്ടി വന്നു. ഇതോടെ വന്‍ പ്രതിസന്ധിയിലായി പോവുകയായിരുന്നു ബുക്ക്മൈഷോ. നിലവില്‍ പണം കൊണ്ട് സിനിമ കാണാനുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ട് ബുക്ക് മൈ ഷോ. എന്നാല്‍ ഇത് പ്രാരംഭ ഘട്ടത്തിലാണ്. ഇനിയും മെച്ചപ്പെട്ടില്ലെങ്കില്‍ പലര്‍ക്കും ജോലി നഷ്ടമാവും.