
മുംബൈ: ഭാരത് പെട്രോളിയത്തിനായുളള താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ രണ്ട് ദിവസം കൂടി ശേഷിക്കേ, ഭാവി പദ്ധതികളെ സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഭാരത് പെട്രോളിയത്തിന്റെ കീഴില്‍ വന്‍ ചെലവ് വരുന്ന പദ്ധതികള്‍ തല്‍ക്കാലം നടപ്പാക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
കമ്പനിയുടെ പുതിയ ഉടമകളായി എത്തുന്നവരുടെ താല്‍പര്യമനുസരിച്ച് മാത്രം പുതിയ പദ്ധതികള്‍ മതിയെന്നാണ് നിലപാട്. മധ്യപ്രദേശിലെ ബിന, മുംബൈ റിഫൈനറി വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കും. 30,000 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കേണ്ടുന്ന ബിനയിലെ പ്രവര്‍ത്തനങ്ങള്‍ പുതിയ ഉടമയുടെ തീരുമാനത്തിനനുസരിച്ച് മാത്രമാകും മുന്നോട്ട് പോവുക.
എന്നാല്‍, ഈ നിബന്ധനകള്‍ കൊച്ചി റിഫൈനറിയില്‍ നടന്നുവരുന്ന പദ്ധതികളെ ബാധിക്കില്ല. പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രോജക്ടുമായി (പിഡിപിപി) ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകും.