
ന്യൂഡല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎല്ലിനെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മൂന്ന് കമ്പനികള്‍ രംഗത്തെത്തിയതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പനയ്ക്ക് താല്‍പര്യ പത്രം ക്ഷണിച്ചുകൊണ്ടുള്ള തീയതി സര്‍ക്കാര്‍ നാല് തവണയാണ് നീട്ടിയത്.
മൈനിംഗ്-ടു-ഓയില്‍ കോര്‍പ്പറേറ്റായ വേദാന്ത ഗ്രൂപ്പ് നവംബര്‍ 18 ന് ബിപിസിഎല്ലിലെ സര്‍ക്കാരിന്റെ 52.98 ശതമാനം ഓഹരി വാങ്ങുന്നതിന് താല്‍പര്യം പത്രം സമര്‍പ്പിച്ചതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് രണ്ട് സ്ഥാപനങ്ങള്‍ ആഗോള ഫണ്ടുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍, അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റാണ് അതിലെ ഒരു ബിഡ്ഡര്‍.
ബിഡ്ഡുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ബിഡ്ഡുകളുടെ കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നടപടികളുടെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുമെന്ന് തന്ത്രപരമായ ഓഹരി വില്‍പ്പന കൈകാര്യം ചെയ്യുന്ന നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കി. വ്യവസായ രംഗത്ത് പ്രൊഫഷണലിസവും മത്സരവും കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില കമ്പനികളെ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ബിഎസ്ഇ ലിസ്റ്റുചെയ്ത വേദാന്ത ലിമിറ്റഡും ലണ്ടന്‍ ആസ്ഥാനമായുള്ള രക്ഷാകര്‍തൃ സ്ഥാപനമായ വേദാന്ത റിസോഴ്‌സസും ചേര്‍ന്ന് പ്രത്യേക ഉദ്ദേശ്യ കമ്പനി വഴിയാണ് താല്‍പര്യ പത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്ത്രപരമായ വില്‍പ്പന അംഗീകരിച്ച അവസ്ഥയില്‍ നിന്ന് ബിപിസിഎല്ലിന്റെ ഓഹരി വില ഇപ്പോള്‍ നാലിലൊന്നായി കുറഞ്ഞു.
ബുധനാഴ്ച ബി എസ് ഇയില്‍ 385 രൂപയുടെ വ്യാപാര വിലയില്‍ ബി പി സി എല്ലിലെ സര്‍ക്കാരിന്റെ 52.98 ശതമാനം ഓഹരി മൂല്യം 44,200 കോടി രൂപയാണ്. പൊതുജനങ്ങളില്‍ നിന്നുളള 26 ശതമാനം ഓഹരി കൂടി കമ്പനി ഏറ്റെടുക്കുന്നയാള്‍ വാങ്ങേണ്ടതുളളതിനാല്‍ ഒരു ഓപ്പണ്‍ ഓഫര്‍ നല്‍കേണ്ടതുണ്ട്, ഏകദേശം 21,600 കോടി രൂപ ചിലവ് പ്രതീക്ഷക്കുന്നതാണിത്.