
കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ബിപിസിഎല്‍. അമ്പലമുകള്‍ എണ്ണശുദ്ധീകരണശാലയിലെ നൈട്രജന്‍ പ്ലാന്റുകളില്‍ നിന്നു പുറന്തള്ളുന്ന ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍, മെഡിക്കല്‍ ഓക്‌സിജന്‍ ആയി രൂപാന്തരപ്പെടുത്തി വിതരണം ചെയ്യാനാണു ശ്രമം. ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് നിര്‍മാതാക്കളായ പ്രോഡയര്‍ എയര്‍ പ്രോഡക്ട്‌സുമായി കൈകോര്‍ത്താണ് പദ്ധതി.
പെട്രോളിയം ആന്‍ഡ് എസ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണു ബിപിസിഎല്ലും പ്രോഡയറും ഈ ആശയം വികസിപ്പിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ സിലിണ്ടറുകളായോ ആശുപത്രി ടാങ്കുകളിലേക്കോ വിതരണം ചെയ്യും. 20 ലക്ഷം രൂപ വിലയുള്ള 90 ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കും. 2 മാസത്തിനുള്ളില്‍ വിതരണം തുടങ്ങും. ഇതിനുള്ള സമ്മതപത്രം ബിപിസിഎല്‍ ജിഎം (പിആര്‍& അഡ്മിന്‍) ജോര്‍ജ് തോമസ്, ചീഫ് മാനേജര്‍ സിഡി മഹേഷ് എന്നിവര്‍ ചേര്‍ന്നു കലക്ടര്‍ക്കു കൈമാറി.