
രാജ്യത്തെ ഏറ്റവും മൂല്യവത്തായ 75 ബ്രാന്‍ഡുകളുടെ ബ്രാന്‍സ് സെഡ് പട്ടികയില്‍ അതിവേഗ വളര്‍ച്ച പ്രകടിപ്പിച്ച് റീട്ടെയില്‍, പേഴ്‌സണല്‍ കെയര്‍ ബിസിനസ് സെക്ടറുകള്‍. ഡബ്ല്യുപിപി പിഎല്‍സിയുടെയും കാന്തറിന്റെയും ബ്രാന്‍ഡുകളെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് റീട്ടെയില്‍, പേഴ്‌സണല്‍ കെയര്‍ ബിസിനസ്സുകളുടെ മുന്നേറ്റത്തെ സംബന്ധിച്ച് വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടിലെ ബിസിനസ് വിഭാഗങ്ങളില്‍, റീട്ടെയില്‍ (33%), പേഴ്‌സണല്‍ കെയര്‍ (32%), ടെലികോം സേവന ദാതാക്കള്‍ (25%) എന്നിവ അതിവേഗം വളര്‍ച്ച പ്രകടിപ്പിച്ചു. മൂല്യം സൃഷ്ടിക്കുന്നതും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുന്ന തരത്തിലെ പ്രവര്‍ത്തന ശൈലി പിന്തുടര്‍ന്നതും കാരണം ഉപഭോക്താക്കളെ ലോക്ക്ഡൗണ്‍ സമയത്ത് ഈ സെക്ടറുകള്‍ വളരെയേറെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തിയ പട്ടികയില്‍ എട്ടാം സ്ഥാനത്ത് (6.5 ബില്യണ്‍ ഡോളര്‍) ഇ -കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ഇടം കണ്ടെത്തി. ബ്രാന്‍ഡ് മൂല്യത്തില്‍ 40 ശതമാനം വര്‍ധനയോടെയാണ് ആദ്യ പത്തിലേക്ക് ഫ്‌ലിപ്പ്കാര്‍ട്ട് എത്തിയത്. 16-ാം സ്ഥാനത്തുള്ള ഡി-മാര്‍ട്ട് (3.3 ബില്യണ്‍ ഡോളര്‍), 38 ശതമാനം വര്‍ധനയോടെ, ബ്രാന്‍ഡ് മൂല്യം ഗണ്യമായി ഉയര്‍ത്തി. ഭക്ഷ്യ ബ്രാന്‍ഡായ മാഗിയാണ് ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചത് (46%). ഇന്ത്യയില്‍ പെയിന്റ് വ്യവസായം ബുദ്ധിമുട്ടുന്നുണ്ടെങ്കിലും, അര്‍ത്ഥവത്തായ വ്യത്യാസം, കൃത്യമായ കമ്മ്യൂണിക്കേഷന്‍ തന്ത്രങ്ങള്‍, ഉല്‍പ്പന്ന പുതുമകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഏഷ്യന്‍ പെയിന്റ്‌സിന്റെ ബ്രാന്‍ഡ് മൂല്യം 14% വര്‍ദ്ധിച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ വീട്ടില്‍ കഴിയേണ്ടി വരുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക്, ടെലികമ്മ്യൂണിക്കേഷന്‍സ് വളരെ ആവശ്യമുളള സേവന സഹായം നല്‍കി. ഓണ്‍ലൈന്‍ ഗെയിമിംഗ്, മീഡിയ സ്ട്രീമിംഗ് പോലുള്ള ഡാറ്റാധിഷ്ടിത സേവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും ടെലികമ്മ്യൂണിക്കേഷന്‍സിനായി. നാലാം സ്ഥാനത്തുള്ള എയര്‍ടെല്‍ (13.9 ബില്യണ്‍ ഡോളര്‍) ഏറ്റവും മികച്ച ടെലികോം ബ്രാന്‍ഡാണ്. ബ്രാന്‍ഡ് മൂല്യത്തില്‍ 36 ശതമാനം വര്‍ധന. ജിയോ ഏഴാം സ്ഥാനത്ത് (6.9 ബില്യണ്‍ ഡോളര്‍) മൂല്യം 26 ശതമാനം വര്‍ദ്ധിച്ചു. പുതുതായി പ്രവേശിച്ച അഞ്ച് പേരില്‍ ബിഎസ്എന്‍എല്‍ 75-ആം സ്ഥാനത്താണ് (583 മില്യണ്‍ ഡോളര്‍).
''ആഗോളതലത്തില്‍ ബ്രാന്‍ഡുകളെ സംബന്ധിച്ച് കൊവിഡ് -19 ഒരു പരീക്ഷണ ഘട്ടമായിരുന്നു, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കോവിഡ് -19 ന് മുമ്പ് തന്നെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലായിരുന്നു. പല ഇന്ത്യന്‍ ബ്രാന്‍ഡുകളും വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ലോകോത്തര രീതികള്‍ക്കനുസരിച്ച് പുതുമ വരുത്താനും പൊരുത്തപ്പെടാനുമുള്ള അവരുടെ കഴിവ് പ്രകടമാക്കി. ബ്രാന്‍ഡ് ബില്‍ഡിംഗില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് വെല്ലുവിളികളെ അതിജീവിക്കാനും കൂടുതല്‍ ശക്തമായി പ്രതിസന്ധികളില്‍ നിന്ന് പുറത്തുവരാനും കഴിയുമെന്ന് ഞങ്ങളുടെ വിശകലനം വീണ്ടും തെളിയിക്കുന്നു,' ദി സ്റ്റോര്‍ ഡബ്ല്യുപിപി, ഇഎംഇഎ, ഏഷ്യ എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവും ബ്രാന്‍ഡ് സെഡ് ചെയര്‍മാനുമായ ഡേവിഡ് റോത്ത് പറഞ്ഞു.
രണ്ട് പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡുകളായ ഡോവ് (നമ്പര്‍ 61), ക്ലോസ് അപ്പ് (നമ്പര്‍ 69) എന്നിവ പട്ടികയില്‍ അരങ്ങേറ്റം കുറിച്ചു. റീട്ടെയില്‍, ടെലികോം, അതിവേഗം നീങ്ങുന്ന ഉപഭോക്തൃവസ്തുക്കളുടെ (എഫ്എംസിജി) ബ്രാന്‍ഡുകളുടെ പ്രകടനം പ്രതിസന്ധി ഘട്ടങ്ങളില്‍ ചടുലമായിരിക്കുന്നത് വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്ന് സൗത്ത് ഏഷ്യ ഇന്‍സൈറ്റ്‌സ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പ്രീതി റെഡ്ഡി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബ്രാന്‍ഡുകള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്ന ഉപഭോക്തൃ പ്രതീക്ഷകള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്നും മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെന്ന് ഈ വര്‍ഷത്തെ റാങ്കിംഗ് വ്യക്തമാക്കുന്നു.