
മുംബൈ: പുതിയ ഉയരങ്ങളിലേക്ക് ചുവടുവെയ്ക്കുകയാണ് ഇന്ത്യന്‍ വിപണി. സംഭവമെന്തന്നല്ലേ, വെള്ളിയാഴ്ച്ചത്തെ വ്യാപാരത്തിനിടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലുള്ള കമ്പനികളുടെ സംയോജിത വിപണി മൂല്യം 211 ലക്ഷം കോടി രൂപ തൊട്ടു. വിപണിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഈ നേട്ടം.
ഇന്നലെ തുടര്‍ച്ചയായി മൂന്നാം ദിനവും സെന്‍സെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കോര്‍പ്പറേറ്റ് കമ്പനികള്‍ മാര്‍ച്ചില്‍ ഭേദപ്പെട്ട വരുമാനം കണ്ടെത്തിയതും ആഗോള വിപണിയിലെ 'പോസിറ്റീവ്' വികാരവും ഇന്ത്യന്‍ വിപണിക്ക് വെള്ളിയാഴ്ച്ച തുണയായി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 256.71 പോയിന്റ് കയറി 49,206.47 എന്ന നിലയ്ക്കാണ് തിരശ്ശീലയിട്ടത് (0.52 ശതമാനം നേട്ടം). കുറച്ചുകൂടി വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചിക 98.35 പോയിന്റ് ഉയര്‍ന്ന് 14,823.15 എന്ന നിലയും ഇന്നലെ കയ്യടക്കി (0.67 ശതമാനം നേട്ടം).
ഫെബ്രുവരിയിലെ സ്വപ്ന കുതിപ്പിന് ശേഷം സെന്‍സെക്സ് സൂചിക താഴോട്ടു പോയതിനിടെയാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനികള്‍ വിപണി മൂല്യത്തില്‍ പുതിയ റെക്കോര്‍ഡ് കണ്ടെത്തുന്നത്. ഫെബ്രുവരി 15 ആം തീയതി സെന്‍സെക്സ് സൂചിക 52,154 പോയിന്റ് വരെ എത്തിയിരുന്നു. അവിടുന്നിങ്ങോട്ടുള്ള ചിത്രം പരിശോധിച്ചാല്‍ സൂചികയില്‍ 5.7 ശതമാനം തകര്‍ച്ച കാണാം.
മുന്‍പ് 210 ലക്ഷം കോടി രൂപയായിരുന്നു ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനികള്‍ സംയോജിതമായി കുറിച്ച റെക്കോര്‍ഡ് വിപണി മൂല്യം (മാര്‍ച്ച് 3, 2021). എന്തായാലും രണ്ടു മാസം പിന്നിടുമ്പോള്‍ 6 ശതമാനം വളര്‍ച്ച ബിഎസ്ഇയുടെ വിപണി മൂല്യത്തില്‍ സംഭവിച്ചു. വിശാല വിപണികളിലെ (മിഡ്ക്യാപും സ്മോള്‍ക്യാപും) കുതിപ്പാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഇവിടെ തുണയായത്.
ഈ ആഴ്ച്ച സെന്‍സെക്സ് 424.11 പോയിന്റും (0.86 ശതമാനം) നിഫ്റ്റി 192.05 പോയിന്റുമാണ് (1.31 ശതമാനം) മുന്നേറിയത്. വെള്ളിയാഴ്ച്ച സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി ഓഹരികള്‍ക്കായിരുന്നു തിളക്കം കൂടുതല്‍. മാര്‍ച്ചില്‍ അറ്റാദായം 31 ശതമാനം കൂടി 5,669 കോടി രൂപയിലെത്തിയെന്ന സാമ്പത്തിക റിപ്പോര്‍ട്ടിന് പിന്നാലെ എച്ച്ഡിഎഫ്സി ഓഹരികള്‍ കുതിച്ചുയര്‍ന്നു. 2.70 ശതമാനം നേട്ടത്തിലാണ് എച്ച്ഡിഎഫ്സി ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ഐടിസി, ഓഎന്‍ജിസി, അള്‍ട്രാടെക്ക് സിമന്റ് തുടങ്ങിയ കമ്പനികളും 2.68 ശതമാനം വരെ ഇന്നലെ നേട്ടം കയ്യടക്കി. മറുഭാഗത്ത് ബജാജ് ഓട്ടോ, ബജാജ് ഫൈനാന്‍സ്, ഇന്‍ഫോസിസ്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ 2 ശതമാനത്തിലേറെ താഴോട്ടും പോയി. ലോഹം, ടെലികോം, ഊര്‍ജം, റിയല്‍റ്റി, എണ്ണ, സാമ്പത്തികം സൂചികകള്‍ 5.29 ശതമാനം വരെ നേട്ടം വെള്ളിയാഴ്ച്ച ബിഎസ്ഇയില്‍ കയ്യടക്കി. എന്നാല്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ക്യാപിറ്റല്‍ ഗുഡ്സ്, ഐടി സൂചികകള്‍ നഷ്ടത്തിലാണ് ദിനം പിന്നിട്ടത്.