
ബിഎസ്എന്‍എല്‍ 15000 കോടിരൂപയുടെ ഫണ്ട് സമാഹരിക്കാന്‍ തയ്യാറെടുക്കുന്നു. സോവറിന് ബോണ്ടുകള്‍ പ്രഖ്യാപിച്ച് ഫണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എംഡി പി.കെ പര്‍വാര്‍ പറഞ്ഞു. 15000 കോടി രൂപയുടെ ബോണ്ടുകള്‍ക്ക് അനുമതി ആവശ്യപ്പെട്ട് ടെലികോം വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ഇത് ധനമന്ത്രാലയം കൂടി അംഗീകരിച്ചാല്‍ നടപടികള്‍ ത്വരിതഗതിയിലാകും. സര്‍ക്കാര്‍ ഇഷ്യു ചെയ്യുന്ന ബോണ്ടുകളാണ് സോവറിന്‍ ബോണ്ടുകള്‍.
കാലാവധി പൂര്‍ത്തിയായാല്‍ മുഖവില തിരിച്ചുനല്‍കുകയാണ് സോവറിന്‍ ബോണ്ടുകളുടെ രീതി. അതുവരെ കൂപ്പണ്‍ പേയ്‌മെന്റുകള്‍ അല്ലെങ്കില്‍ കൃത്യമായ പലിശ ബോണ്ടുകള്‍ വാങ്ങിയവര്‍ക്ക് നല്‍കുകയും ചെയ്യും. ഫണ്ട് സമാഹരണം 4ജി നെറ്റ് വര്‍ക്ക് അപ്‌ഡേഷനുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് വേണ്ടിയുള്ള മൂലധന സ്വരൂപണമായാണ് ബിഎസ്എന്‍എല്‍ കാണുന്നത്.
നവംബര്‍ 1ന് സര്‍ക്കാര്‍ അധീനതയിലുള്ള മഹാനഗര്‍ ടെലികോംനഗര്‍ ലിമിറ്റഡും ബിഎസ്എന്‍എലും തമ്മിലുള്ള ലയനത്തിന് മന്ത്രിസഭാ അനുമതി ലഭിച്ചിട്ടുണ്ട്. ലയനനടപടികളും പെട്ടെന്ന് തന്നെ പൂര്‍ത്തിയായേക്കുമെന്ന് കമ്പനി അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയായാല്‍ ബിഎസ്എന്‍എലിന്റെ സഹസ്ഥാപനമായി മാറും എംടിഎന്‍എല്‍.നിലവില്‍ കമ്പനിയുടെ 56.25% ഓഹരികള്‍ സര്‍ക്കാരിന്റേതാണ്.