
പുതിയ സാമ്പത്തികവര്‍ഷത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഇനി പത്ത് ദിവസം മാത്രമാണ് ബാക്കി. ബജറ്റിന് മുന്നോടിയായി വിവിധ സാമ്പത്തിക മേഖലകളിലെ വിദഗ്ധരുമായി ധനവകുപ്പ്മന്ത്രിയുടെ യോഗങ്ങളും ചര്‍ച്ചകളും പൂര്‍ത്തിയായി. എന്നാല്‍ ഇനി കുറച്ച് മധുരമാകാമെന്നാണ് ബജറ്റ് തയ്യാറാക്കല്‍ ടീമിന് പറയാനുള്ളത്. അതെ,ബജറ്റിന് മുന്നോടിയായുള്ള ഹല്‍വാ വിതരണചടങ്ങോടുകൂടിയാണ് രേഖകളുടെ അച്ചടി ആരംഭിക്കുക. നോര്‍ത്ത് ബ്ലോക്കില്‍ നടക്കുന്ന ഹല്‍വാ വിതരണ ചടങ്ങില്‍ ധനവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍,ജീവനക്കാര്‍,ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കുക.
പരമ്പരാഗതമായി ഇന്ത്യന്‍ ധനമന്ത്രാലയം ആചരിച്ചുവരുന്ന ഒരു ചടങ്ങാണിത്. ഹല്‍വാ സെറിമണി. ഒരു വലിയ പാത്രത്തില്‍ ഹല്‍വി തയ്യാറാക്കി മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുകയാണ് ചെയ്യുക. മധുരം വിളമ്പിയ ശേഷം ബജറ്റ് നിര്‍മാണവും അച്ചടി പ്രക്രിയയുമായും നേരിട്ട് ന്ധമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും ബജറ്റ് അവതരണം വരെ ധനമന്ത്രാലയത്തിലെ രഹസ്യ സ്ഥലത്താണ് കഴിയേണ്ടത്. ഈ ദിവസങ്ങളില്‍ ഫോണോ മറ്റുള്ള പുറംലോകവുമായുള്ള കണക്ഷനോ ഇവര്‍ക്കുണ്ടാവില്ല. ലോക്‌സഭയില്‍ ധനവകുപ്പ് മന്ത്രി ബജറ്റ് അവതരിപ്പിക്കുംവരെ ഒരുവിധത്തിലുള്ള ആശയവിനിമയവും ഇവര്‍ക്ക് നിഷിദ്ധമാണ്. സ്വന്തം കുടുംബവുമായി ബന്ധപ്പെടാന്‍ പോലും സാധിക്കില്ല. ഇതിന് മുന്നോടിയായാണ് ഈ ഹല്‍വാ സെറിമണി നടക്കുക.
കേന്ദ്രബജറ്റിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി വിവരങ്ങളൊന്നും ചോരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങിനെ ചെയ്യുന്നത്. ബജറ്റ് തയ്യാറാക്കല്‍ പ്രക്രിയയുടെ ഭാഗമായ ഓരോ ജീവനക്കാരനെയും ഈ സെറിമണിയില്‍ അഭിനന്ദിക്കുകയും ചെയ്യും. നിരവധി സാമ്പത്തിക വെല്ലുവിളികള്‍ക്ക് ഇടയിലാണ് ഇത്തവണ ഈ ബജറ്റ് തയ്യാറാക്കുന്നത്. ഇന്ന് നടക്കുന്ന ഹല്‍വാ സെറിമണിയില്‍ നൂറിലധികം പേരാണ് പങ്കെടുക്കുക.