
രാജ്യത്തേക്ക് ഫര്‍ണിച്ചറുകള്‍, കളിപ്പാട്ടങ്ങള്‍, കായികോപകരണങ്ങള്‍, തുണിത്തരങ്ങള്‍, എയര്‍കണ്ടീഷണറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം കളര്‍ ടെലിവിഷനുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടു വന്നതിനു പിന്നാലെയാണ് പുതിയ നടപടി. കഴിഞ്ഞ മാസം വിവിധ വാഹനങ്ങള്‍ക്കുള്ള ടയറുകളുടെ ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടു വന്നിരുന്നു. ഇറക്കുമതി ചെയ്യുന്ന ടയറുകളും കളര്‍ ടിവികളും ഭൂരിഭാഗവും വരുന്നത് ചൈനയില്‍ നിന്നാണ്.
ഫര്‍ണിച്ചര്‍, തുകല്‍, പാദരക്ഷ, അഗ്രോ കെമിക്കല്‍, എയര്‍ കണ്ടീഷണര്‍, സിസിടിവി, കായികോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, റെഡി ടു ഈറ്റ് സാധനങ്ങള്‍, സ്റ്റീല്‍, അലുമിനിയം, ഇലക്ട്രിക് വാഹനങ്ങള്‍, വാഹന ഭാഗങ്ങള്‍, ടിവി സെറ്റ് ടോപ് ബോക്സുകള്‍, എഥനോള്‍സ കോപ്പര്‍, തുണിത്തരങ്ങള്‍, ജൈവ ഇന്ധനം തുടങ്ങി 20 മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് തന്നെ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുകയും നിക്ഷേപം സമാഹരിക്കുകയും ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇറക്കുമതി നിയന്ത്രണം കൊണ്ടു വരുന്നത്.
ഇതിനു പുറമേ ഫാര്‍മസ്യൂട്ടിക്കല്‍ ആവശ്യത്തിനായുള്ള ചേരുവകള്‍ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കാനും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പെട്ടെന്നുള്ള തീരുമാനം പല സംരംഭകര്‍ക്കും തിരിച്ചടിയാകുമെന്നും മാറ്റത്തിനായി സമയം അനുവദിക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്. ഇതിനകം തന്നെ പണം നല്‍കി ഓര്‍ഡര്‍ ചെയ്തിരിക്കുന്ന ടയറുകളും ടെലിവിഷനുകളും എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടാല്‍ അത് രാജ്യത്തെ ബിസിനസ് മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് അഭിപ്രായം.