
ബൈജൂസ് ആപ്പില്‍ പുതിയ നിക്ഷേപം എത്തുന്നു, അതും സിലിക്കണ്‍ വാലിയിലെ ആദ്യ വനിതാ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റായ മേരി മീക്കേഴ്‌സ് ഫണ്ട് ബോണ്ടില്‍ നിന്നും. ഇത്തരത്തില്‍ മേരീ മീക്കര്‍ ബോണ്ടില്‍ നിന്നും രാജ്യത്തേക്കെത്തുന്ന ആദ്യ നിക്ഷേപം കൂടിയാണ് ഇത്. ഈ പുതിയ നിക്ഷേപം കൂടെ ആകുമ്പോള്‍ രാജ്യത്ത് പേടിഎം കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി ബൈജൂസ് ആപ്പ് മാറുകയാണ്. ബോണ്ട് ഫണ്ട് കൂടെ എത്തുമ്പോള്‍ കമ്പനിയുടെ മൂലം 10.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഗ്ലോബല്‍ ജനുവരിയില്‍ നടത്തിയ നിക്ഷേപത്തിലൂടെ എട്ട് ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കുയര്‍ന്ന കമ്പനി ഈ ഇടപാട് കൂടെ കണക്കാക്കുമ്പോഴാണ് 10.5 ബില്യണ്‍ മൂല്യത്തിലേക്കുയരുന്നത്്. എന്നിരുന്നാലും ബൈജൂസ് ആപ്പ് കമ്പനി ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2015 ഓഗസ്റ്റിലാണ് ബൈജൂസ് ലേണിംഗ് ആപ്പിന് തുടക്കമിട്ടത്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബൈജൂസ് ലേണിംഗ് ആപ്പ്. കുട്ടികള്‍ക്ക് സ്വന്തമായും എളുപ്പത്തിലും പഠിക്കാന്‍ ഈ ലേണിംഗ് ആപ്പ് പ്രചോദനം നല്കുന്നു. നാലാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള പാഠങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ആപ്പ് അവതരിപ്പിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ 80 ലക്ഷം പേരാണ് അത് ഡൗണ്‍ലോഡ് ചെയ്തത്.
നഗരങ്ങളിലുള്ള കുട്ടികള്‍ മാത്രമല്ല ഇന്ന് ബൈജൂസ് ആപ്പ് ഉപയോഗിക്കുന്നത്. രാജ്യത്തെ ആയിരത്തെഴുനൂറോളം പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള കുട്ടികള്‍ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ഐ.ഒ.എസ്. ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് ബൈജൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ കണ്ടന്റ് വേണമെന്നുള്ളവര്‍ക്ക് ഫീസ് നല്കിയാല്‍ മതി. 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് അഞ്ച് കോടിയിലേറെപ്പേര്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ സറ്റാര്‍ട്ടപ്പ് കമ്പനി ഒരു മലയാളിയുടേതെന്നതാണ് ഏറെ ശ്രദ്ധേയമാണ്.