6.29 ലക്ഷം കോടിയുടെ കോവിഡ് സമാശ്വാസ പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

July 01, 2021 |
|
News

                  6.29 ലക്ഷം കോടിയുടെ കോവിഡ് സമാശ്വാസ പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: കോവിഡ് സമാശ്വാസത്തിനായി പ്രഖ്യാപിച്ച 6.29 ലക്ഷം കോടിയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 1.5 ലക്ഷം കോടിയുടെ ചെറുകിട വായ്പകള്‍, വിദേശ ടൂറിസ്റ്റുകള്‍ക്ക് വീസ ഫീസ് ഇളവ്, ആരോഗ്യ മേഖലയ്ക്കു കൂടുതല്‍ ധനസഹായം തുടങ്ങിയവ ഉള്‍പ്പെട്ട പാക്കേജാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. നവംബര്‍ വരെയുളള സൗജന്യ റേഷന്‍, വളത്തിന് അധിക സബ്‌സിഡി തുടങ്ങിയവ ഉള്‍പ്പെടെയാണിതെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ കുഞ്ഞുങ്ങള്‍ക്കുള്ള ചികിത്സാ സൗജന്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 23,220 കോടിയുടെ പദ്ധതികള്‍, ടൂറിസം ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ, ചെറുനഗരങ്ങളില്‍ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും 50,000 കോടിയുടെ ഈട് തുടങ്ങിയവയും പ്രഖ്യാപനങ്ങളിലുണ്ടായിരുന്നു.

കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള പദ്ധതിക്ക് 19041 കോടി രൂപയുടെ ഈടിനും അംഗീകാരം നല്‍കി. ഭാരത് നെറ്റ് മുഖേന സ്വകാര്യപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 16 സംസ്ഥാനങ്ങളിലെ 3.61 ലക്ഷം ഗ്രാമങ്ങള്‍ പദ്ധതിയിലുള്‍പ്പെടും. ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ ഇതു സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നത് ഗ്രാമങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കും.

വൈദ്യുതി വിതരണം 24 മണിക്കൂറും മുടങ്ങാതിരിക്കാനുള്ള 3.03 ലക്ഷം കോടിയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി ആര്‍.കെ. സിങ് അറിയിച്ചു. വിതരണം കാര്യക്ഷമമാക്കാനുള്ള 5 വര്‍ഷത്തെ കര്‍മപദ്ധതിയാണിത്. പ്രസരണച്ചോര്‍ച്ച തടയാനും നിരക്കു കുറയ്ക്കാനും സഹായിക്കും. 3,03,058 കോടിയില്‍ 97,631 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം. 25 കോടി സ്മാര്‍ട് മീറ്ററുകള്‍, 10,000 ഫീഡറുകള്‍, 4 ലക്ഷം കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകള്‍ എന്നിവ ഉള്‍പ്പെടും. ഇതും കോവിഡ് സമാശ്വാസ പദ്ധതികളില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. മ്യാന്‍മര്‍, സാംബിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി വിവിധമേഖലകളില്‍ സഹകരണത്തിനുളള ധാരണാപത്രങ്ങള്‍ക്കും അംഗീകാരം നല്‍കി.

Related Articles

© 2025 Financial Views. All Rights Reserved