പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്വകാര്യവല്‍ക്കരണം: നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

July 30, 2021 |
|
News

                  പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്വകാര്യവല്‍ക്കരണം: നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുടെ സ്വകാര്യവല്‍ക്കരണം സുഗമമാക്കുന്നതിന് 1972ലെ പൊതു ഇന്‍ഷുറന്‍സ് ബിസിനസ് (ദേശസാല്‍ക്കരണം) നിയമത്തിലെ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍ വെച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇത്തവണത്തെ ബജറ്റ് പ്രസംഗത്തില്‍ രണ്ട് ബാങ്കുകള്‍ ഒരു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു.ഇതിന് നിയമനിര്‍മ്മാണ ഭേദഗതികള്‍ ആവശ്യമായി വരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ബജറ്റ് സമ്മേളനത്തില്‍ തന്നെ ഭേദഗതി പാര്‍ലമെന്റില്‍ വെച്ചേക്കുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയതിനാല്‍ ഇത് അവതരിപ്പിച്ചിരുന്നില്ല

നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, എന്നിങ്ങനെ 4 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് പൊതുമേഖലയിലുള്ളത്. എന്നാല്‍ ഇവയില്‍ ഏതാണ് സ്വകാര്യവത്കരിക്കുകയെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2020 സാമ്പത്തികവര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് 4,108 കോടി രൂപയുടെയും ഓറിയന്റല്‍ 1,524 കോടിയുടെയും യുണൈറ്റഡ് ഇന്ത്യ 1,486 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. നേരത്തേ ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തില്‍നിന്ന് ബജറ്റില്‍ 75 ശതമാനമായി ഉയര്‍ത്തുകയുംചെയ്തിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved