
ന്യൂഡല്‍ഹി: കരകൗശല, കൈത്തറി കയറ്റുമതി കോര്‍പ്പറേഷന്‍ അടച്ചുപൂട്ടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ടെക്‌സ്‌ടൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ കരകൗശല , കൈത്തറി കയറ്റുമതി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 59 സ്ഥിരം ജീവനക്കാരും 6 മാനേജ്മെന്റ് ട്രെയിനികളും നിലവില്‍ കോര്‍പ്പറേഷനില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് ട്രെയിനികള്‍ക്കും പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സന്നദ്ധ വിരമിക്കല്‍ പദ്ധതിയുടെ (വിആര്‍എസ്) ആനുകൂല്യം ലഭിക്കുന്നതിന് അവസരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രവര്‍ത്തനം നിലച്ചതും വരുമാനമില്ലാത്തതുമായ , പീഡിത വ്യവസായമായി പ്രഖ്യാപിച്ചിട്ടുള്ള ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ശമ്പളം / വേതനം എന്നിവയ്ക്കുള്ള ആവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനും ഇത് വഴിയൊരുക്കും.
കോര്‍പ്പറേഷന്‍ 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി നഷ്ടം നേരിടുന്നുണ്ട്, മാത്രമല്ല അതിന്റെ പ്രവര്‍ത്തന ചെലവുകള്‍ക്ക് മതിയായ വരുമാനം നേടുന്നില്ല. അതിന്റെ പുനരുജ്ജീവനത്തിന് കാര്യമായ സാധ്യതയില്ലാത്തത് മൂലം , കമ്പനി അടച്ചുപൂട്ടേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നീക്കം സംസ്ഥാന കരകൗശല മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളുടെ വാദം.