
തിരുവനന്തപുരം: 2018-19 സാമ്പതിക വര്‍ഷത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ മൊത്ത റവന്യൂ വരവുകള്‍ കഴിഞ്ഞ വര്‍ഷത്തെ തുകയായ 83,020.14 കോടിയില്‍ നിന്നും 92,854.48 കോടിയായി ഉയര്‍ന്നു. ഇതിന്റെ 67 ശതമാനവും നികുതി വരുമാനം ( 50,644.11 കോടി), നികുതിയേതര വരുമാനം (11,783.24 കോടി) എന്നിവ വഴിയാണ് സംസ്ഥാനം സമാഹരിച്ചത്. ശേഷിച്ച 33 ശതമാനം വിജിത കേന്ദ്രനികുതികളുടെ സംസ്ഥാന വിഹിതത്തില്‍ ( 19,038.17 കോടി) നിന്നും സര്‍ക്കാര്‍ സഹായമായും (11,388.96 കോടി) ഇന്ത്യാ ഗവണ്മെന്റില്‍ നിന്ന് ലഭിച്ചതായിരുന്നു.
2019 മാര്‍ച്ച് അവസാനിച്ച വര്‍ഷത്തേക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. റവന്യൂ വിഭാഗത്തിന് മേലുള്ള കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ഉപരിവീക്ഷണവും അഞ്ചു അധ്യായങ്ങളുമുണ്ട്. ആദ്യ അധ്യായത്തില്‍ റവന്യൂ വിഭാഗത്തെ സംബന്ധിച്ച പൊതുവായ നിരീക്ഷണങ്ങളും മറ്റു പൊതു വിവരങ്ങളും അടങ്ങിയിരിക്കുന്നു.
റിപ്പോര്‍ട്ടിലെ മറ്റു അധ്യായങ്ങളില്‍, സംസ്ഥാന ചരക്കു സേവന നികുതി, ഗതാഗതം, റവന്യൂവും ദുരന്തനിവാരണവും, വനം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിലെ അനുവര്‍ത്തന ഓഡിറ്റുകളില്‍ കണ്ടെത്തിയ പ്രസക്തമായ നിരീക്ഷണങ്ങള്‍ അടങ്ങിയിരിക്കുന്നു. ചില മുഖ്യ റവന്യൂ ശീര്‍ഷകങ്ങള്‍ക്കു കീഴില്‍ 2019 മാര്‍ച്ച് 31 ന് 20,146.39 കോടി റവന്യൂ കുടിശ്ശികയുണ്ടായിരുന്നതില്‍ 5,765.84 കോടി അഞ്ചു വര്‍ഷത്തിലേറെക്കാലമായി പിരിക്കുവാന്‍ ബാക്കി നിന്നവയായിരുന്നു. 2019 ജൂണ്‍ അവസാനത്തില് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഡിസംബര്‍ 2018 വരെയുള്ള 3,560 പരിശോധനാ റിപ്പോര്‍ട്ടുകളില്‍ (ഐആര്‍കള്‍) 8,213.60 കോടി ഉള്‍പ്പെട്ട 22,437 നിരീക്ഷണങ്ങള്‍ ബാക്കി നിന്നിരുന്നു.
2014-15 വര്‍ഷത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന കുടിശ്ശികയായിരുന്ന 4,933.72 കോടി 2018-19 ന്റെ അവസാനം 11,366.35 കോടിയായി (130.38 ശതമാനം) വര്‍ദ്ധിച്ചു. ഈ കാലയളവില്‍, കുടിശ്ശിക തുകയുടെ വളര്‍ച്ചാ നിരക്ക് 13.50 ശതമാനത്തിന്റെയും 22.12 ശതമാനത്തിന്റെയും ഇടയില്‍ ചാഞ്ചാടിയപ്പോള്‍ കുടിശ്ശിക തുകയുടെ പിരിച്ചെടുക്കല്‍ നിരക്ക് 4.58 ശതമാനത്തിനും 9.16 ശതമാനത്തിനും ഇടയില്‍ ചാഞ്ചാടുകയും ചെയ്തുകൊണ്ട് മന്ദഗതിയില്‍ നിലകൊണ്ടു.
3,484.97 കോടി (30.66 ശതമാനം) ഉള്‍ക്കൊള്ളുന്ന 5,06,801 കേസുകള്‍ (83.30 ശതമാനം) റവന്യൂ റിക്കവറിയ്ക്കായി ലഭ്യമായിരുന്നിട്ടും കുടിശ്ശികകള്‍ പിരിച്ചെടുക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ ഈ കേസുകളില്‍ ആരും നടപടി ആവശ്യപ്പെട്ടില്ല. തിരഞ്ഞെടുത്ത ജില്ലകളില്‍ എസ്ജിഎസ്ടി വകുപ്പില്‍ 344.66 കോടി ഉള്‍ക്കൊള്ളുന്ന 11,850 കേസുകളും ആര്‍&ഡിഎം വകുപ്പില് 1,382.09 കോടി ഉള്‍ക്കൊള്ളുന്ന 55,676 കേസുകളും റവന്യൂ റിക്കവറി ആരംഭിച്ചിട്ടും തീര്‍പ്പാക്കലിലെ കാലതാമസം കാരണം ബാക്കിനില്‍ക്കുകയായിരുന്നു.