കാനറ ബാങ്കിന്റെ 91 ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; ജീവനക്കാര്‍ പ്രതിസന്ധിയിലോ?

November 14, 2020 |
|
News

                  കാനറ ബാങ്കിന്റെ 91 ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; ജീവനക്കാര്‍ പ്രതിസന്ധിയിലോ?

കോഴിക്കോട്: കാനറ ബാങ്കിന്റെ 91 ശാഖകള്‍ കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണിത്. അധികം ദൂരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ബാങ്കുകളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഒന്നിന്റെ പ്രവര്‍ത്തനം സമീപത്തെ ബാങ്കിലേക്ക് മാറ്റും. സ്ഥിരം ജോലിക്കാരെ പിരിച്ചുവിടില്ല. കരാര്‍ ജോലിക്കാര്‍ക്ക് ജോലി നഷ്ടമാകും. പുതിയ നിയമനവും വൈകും. 2018ലാണ് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ആസ്തിയില്‍ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായി മാറി കാനറ.
 
10391 ബ്രാഞ്ചുകള്‍, 12829 എടിഎം കൗണ്ടറുകള്‍ എന്നിവയാണ് ലയിപ്പിച്ച ശേഷം കാനറ ബാങ്കിനുള്ളത്. മൊത്തം ബിസിനസ് 16 ലക്ഷം കോടി രൂപയുടേതായി മാറി. ഇതുവരെ സിന്‍ഡിക്കേറ്റ്, കാനറ ബാങ്കുകള്‍ നല്‍കിയിരുന്ന സേവനങ്ങള്‍ തുടരുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബാങ്കുകളുടെ ലയനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിപ്പിച്ചത്. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയിലും. യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചു. അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ബാങ്കുകളുടെ ലയനം കാരണമായി ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കരാര്‍ അടിസ്ഥാനത്തിലും ദിവസക്കൂലിക്കും ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടമാകും. മാത്രമല്ല, പുതിയ നിയമനം ഇനി സമീപ ഭാവിയില്‍ നടക്കില്ല. നിലവില്‍ അടച്ചുപൂട്ടുന്ന ബ്രാഞ്ചിലെ ജീവനക്കാരെ മറ്റു ബ്രാഞ്ചുകളില്‍ വിന്യസിക്കുകയാണ് ചെയ്യുക.

Related Articles

© 2025 Financial Views. All Rights Reserved