
കട്ടപ്പന: റെക്കോര്‍ഡ് വിലയിലേക്ക് കുതിക്കുകയാണ് ഏലയ്ക്ക. ചരിത്രത്തില്‍ ആദ്യമായി ഇ-ലേലത്തില്‍ 4000 രൂപ കടന്നതിന് പിന്നാലെ കര്‍ഷകരും ആഹ്ലാദത്തിലാണ്. സ്‌പൈസസ് ബോര്‍ഡ് നടത്തിയ ഇ-ലേലത്തിലായിരുന്നു ഏലക്കയ്ക്ക് റെക്കോര്‍ഡ് വില കിട്ടിയിരുന്നത്. 4036.91 രൂപയാണ് സുഗന്ധഗിരി സ്പൈസസ് പ്രമോട്ടേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ലേലത്തില്‍ ലഭിച്ചത്.
ഏതാനും ദിവസം മുന്‍പ് കുമളി സ്പൈസ് മോര്‍ ട്രേഡിങ് കമ്പനി നടത്തിയ ലേലത്തില്‍ 3921.54 രൂപയായിരുന്നു ശരാശരി വില. രണ്ടു മാസത്തോളമായി ഏലത്തിനു മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും ശരാശരി വില ഉയരാത്തതിനാല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ശരാശരി വില ഉയര്‍ന്നു തുടങ്ങിയിരുന്നു.
ജൂലൈ 31ന് ലേലത്തില്‍ 5006 രൂപയാണ് ഒരു കിലോ ഏലയ്ക്കയ്ക്ക് ലഭിച്ച പരമാവധി വില. ജൂണ്‍ 26ന് നെടുങ്കണ്ടം ഹെഡര്‍ സിസ്റ്റം നടത്തിയ ലേലത്തിലാണ് ഏലക്കയ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 6000 ലഭിച്ചത്. അപ്പോഴും ശരാശരി വില 3301.23 വരെയേ എത്തിയിരുന്നുള്ളൂ.
ഏല തോട്ടങ്ങളില്‍ നിന്നും ഒരാഴ്ച്ചക്കിടെ നടന്നത് വന്‍ ഏലയ്ക്ക മോഷണം. തൂക്കുപാലം, പാമ്പാടുംപാറ, പൂവേഴ്മൗണ്ട് മേഖലകളിലെ 450 ഏല ചെടികളില്‍ നിന്നും മോഷണം പോയതു കിലോക്കണക്കിനു പച്ച ഏലയ്ക്ക. മോഷണത്തിനു പിന്നില്‍ വന്‍ സംഘമെന്നാണു സൂചന. ഇതോടെ ഒരു സീസണിലെ ആദായം നഷ്ടപ്പെട്ട കര്‍ഷകര്‍ പ്രതിസന്ധിയിലായി.
കഴിഞ്ഞ ദിവസം തൂക്കുപാലത്തിന് സമീപം പാട്ടത്തിനെടുത്ത തോട്ടത്തില്‍ നിന്നും പച്ച ഏലയ്ക്ക മോഷണം പോയതായും പരാതി.തൂക്കുപാലത്തിന് സമീപം കായംകുളംപടിയില്‍ സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുന്ന 2 ഏക്കര്‍ തോട്ടത്തിലെ 150 ചെടികളില്‍ നിന്നാണ് പച്ച ഏലയ്ക്ക മോഷണം പോയത്.