
കൊച്ചി: കോവിഡ് കാലം ഇന്‍ഡോര്‍ ഗെയിംസ് വിപണിക്കു വസന്തകാലമായി. ഏറ്റവും ചലനമുണ്ടായതു കാരംബോര്‍ഡ് വിപണിയില്‍. കാരം, ചെസ്, ലുഡോ, സ്‌നേക് ആന്‍ഡ് ലാഡര്‍, ചൈനീസ് ചെക്കര്‍ ബോര്‍ഡുകള്‍ ധാരാളമായി വിറ്റഴിഞ്ഞു. ബാഡ്മിന്റന്‍ ഉപകരണ വിപണിയും നേട്ടമുണ്ടാക്കി. ജനം വീട്ടിലിരിപ്പായപ്പോള്‍ ചീട്ടുകള്‍ക്ക് വരെ ഡിമാന്‍ഡ് വന്‍തോതിലായി. കോവിഡ് കാലത്തെ ഇറക്കുമതിയില്ലായ്മയും ചൈനീസ് ഉല്‍പന്ന ഇറക്കുമതിക്കു പിന്നീടുണ്ടായ നിയന്ത്രണവുമായപ്പോള്‍ അതു വിലയിലും പ്രതിഫലിച്ചു.
അത്ഭുതമുണ്ടാക്കിയതു കാരം ബോര്‍ഡ് വിപണി തന്നെയെന്നു കായിക ഉല്‍പന്ന വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ ഒരു വര്‍ഷത്തെ ശരാശരി കാരം ബോര്‍ഡ് വിപണി ആകെ 6 കോടിയോളം രൂപയുടേതാണ്. ഇതില്‍ 3 കോടിയുടെ വില്‍പനയും നടക്കാറ് ഏപ്രില്‍ മുതല്‍ ജൂലൈ വരെ. വേനലവധിയും മഴക്കാലവുമാണു കാരണങ്ങള്‍. എന്നാല്‍, ആദ്യത്തെ കോവിഡ്കാല ലോക്ഡൗണ്‍ കഴിഞ്ഞ് ഒന്നര മാസത്തില്‍തന്നെ കേരളത്തില്‍ വിറ്റഴിഞ്ഞതു 3 കോടിയോളം രൂപയുടെ കാരംബോര്‍ഡുകള്‍. കാരം ബോര്‍ഡുകളുടെ വരവു കുറഞ്ഞതും ഡിമാന്‍ഡ് ഏറിയതും വില വലിയതോതില്‍ വര്‍ധിപ്പിച്ചു.
ലോക് ഡൗണിനു മുന്‍പ് 500 മുതല്‍ 800 വരെ രൂപയ്ക്കു വിറ്റിരുന്ന ഇടത്തരം കാരംബോര്‍ഡുകളുടെ വില 800 മുതല്‍ 1200 വരെ രൂപയായി. വീട്ടുവിനോദ ഉപാധിയായി കണ്ട് ജനം വന്‍തോതില്‍ കാരം ബോര്‍ഡുകള്‍ വാങ്ങാനെത്തിയെന്നു കായിക ഉല്‍പന്ന വിപണന ശൃംഖലയായ പ്ലേ വെല്‍ ഉടമ പി.എ. ചെന്താമരാക്ഷന്‍ പറയുന്നു. ലോക് ഡൗണ്‍കാലത്തു ബാഡ്മിന്റന്‍ ഉപകരണങ്ങള്‍ക്കും ആവശ്യക്കാരേറി. ഇതു ബാഡ്മിന്റന്‍ റാക്കറ്റുകളുടെ വില്‍പനയിലും വര്‍ധനയുണ്ടാക്കി. ടേബിള്‍ ടെന്നിസ് ഉപകരണങ്ങള്‍ക്കും ആവശ്യക്കാരേറിയെങ്കിലും ടേബിളിനും ഉപകരണങ്ങള്‍ക്കുമായി പണച്ചെലവ് അധികമാണെന്നതിനാല്‍ വില്‍പനയില്‍ കാര്യമായ വര്‍ധനയുണ്ടായില്ല.