പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധി; 8 ബില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ

May 02, 2022 |
|
News

                  പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധി;  8 ബില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്ഥാന് 8 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നു. രാജ്യത്തെ കുറഞ്ഞുവരുന്ന വിദേശ നിക്ഷേപ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കാനുംസമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഈ സാമ്പത്തിക സഹായം ഉപകരിക്കും. ഉയരുന്ന പണപ്പെരുപ്പം, വിദേശ നിക്ഷേപ കരുതല്‍ ശേഖരത്തിലെ ഇടിവ്, കറന്‍സിയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് പാക്ക് സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളികള്‍.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സൗദി സന്ദര്‍ശന വേളയിലാണ് കരാര്‍ ഉറപ്പിച്ചത്. സാമ്പത്തിക പാക്കേജില്‍ എണ്ണ വിതരണം ഇരട്ടിപ്പിക്കാനും നിക്ഷേപങ്ങള്‍ വഴിയോ സുകുക്കുകള്‍ (ഇസ്ലാമിക സാമ്പത്തിക സര്‍ട്ടിഫിക്കറ്റ്) വഴിയോ അധിക പണം നല്‍കാനും കരാര്‍ പ്രകാരം ധാരണയായി. ഇതിന്റെ സാങ്കേതിക വിശദാംശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ രേഖകളും തയ്യാറാക്കാന്‍ രണ്ടാഴ്ച സമയമെടുക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പ്രധാനമന്ത്രി ഷെരീഫ് സൗദി അറേബ്യ വിട്ടെങ്കിലും ധനകാര്യ മന്ത്രി മിഫ്താ ഇസ്മയില്‍ സാമ്പത്തിക പാക്കേജിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗദിയില്‍ തുടരുന്നുണ്ട്. എണ്ണ ശേഖരത്തിനുള്ള തുക 1.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2.4 ബില്യണ്‍ ഡോളറാക്കാനുള്ള പാക്കിസ്ഥാന്റെ ആവശ്യത്തെ സൗദി അറേബ്യ അംഗീകരിച്ചു. നിലവിലുള്ള 3 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം ദീര്‍ഘകാലത്തേക്കുള്ളതാക്കി മാറ്റാനും ധാരണയായി.

Related Articles

© 2025 Financial Views. All Rights Reserved