
മുംബൈ: ബിയര്‍ വിലയിലും ലഭ്യതയിലും ഉപയോക്താക്കളെ വഞ്ചിച്ച ബിയര്‍നിര്‍മാണക്കമ്പനികള്‍ക്ക് പിഴശിക്ഷ. വിപണിയിലെ അനാരോഗ്യ പ്രവണതകള്‍ നിയന്ത്രിക്കാനുള്ള സംവിധാനമായ കോംപറ്റീഷന്‍ കമ്മിഷന്‍ ആണ് യുണൈറ്റഡ് ബ്രുവറീസ്, കാള്‍സ്‌ബെര്‍ഗ് ഇന്ത്യ, ബീയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ ബ്രൂവേഴ്‌സ് അസോസിയേഷന്‍, ഇവയുടെ നേതൃത്വത്തിലുള്ള 11 വ്യക്തികള്‍ എന്നിവര്‍ക്ക് 873 കോടി രൂപ പിഴ ചുമത്തിയത്.
വിവിധ ബ്രാന്‍ഡുകള്‍ തമ്മില്‍ മല്‍സരിക്കുന്നതിനുപകരം വിലയിലും വിപണനത്തിലും കമ്പനികള്‍ ഒത്തുകളിക്കുകയായിരുന്നെന്ന് വിശദമായ അന്വേഷണത്തില്‍ കമ്മിഷന്‍ കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലെ ബിയര്‍ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കാനും മല്‍സരമൊഴിവാക്കാനും കമ്പനികള്‍ ചേര്‍ന്നുണ്ടാക്കിയ രഹസ്യ കൂട്ടായ്മ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. 2009 മുതല്‍ 2018 വരെയെങ്കിലും ഈ രഹസ്യധാരണ നിലനിന്നെന്നു കമ്മിഷന്‍ വിലയിരുത്തി.