ധനസ്ഥിതി മോശമായതിനാൽ ചെലവ് ചുരുക്കി സർക്കാർ; 60 ശതമാനം വരെ കുറയ്ക്കാൻ നിർദ്ദേശം

April 09, 2020 |
|
News

                  ധനസ്ഥിതി മോശമായതിനാൽ ചെലവ് ചുരുക്കി സർക്കാർ; 60 ശതമാനം വരെ കുറയ്ക്കാൻ നിർദ്ദേശം

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി ധനസ്ഥിതി മോശമാക്കുമെന്ന വിലയിരുത്തലിൽ,  ചെലവു ചുരുക്കലിന് കേന്ദ്ര സർക്കാർ തീരുമാനം. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 മാസം (ഏപ്രിൽ – ജൂൺ) കടുത്ത സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കുന്നതിനാൽ ഈ കാലയളവിൽ ചെലവു ചുരുക്കാനാണ് തീരുമാനമെന്ന് ധനമന്ത്രാലയത്തിന്റെ ഉത്തരവു വ്യക്തമാക്കുന്നു. എം‌പിമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് അലവൻസുകളും വെട്ടിക്കുറച്ചതിന് ശേഷം, എല്ലാ വകുപ്പുകളുടെയും ചെലവാക്കൽ അവരുടെ ആദ്യ പാദ ചെലവ് പദ്ധതികളിൽ നിന്ന് 60 ശതമാനം വരെ കുറയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുക്കുകയാണിപ്പോൾ.

ഓരോ വകുപ്പും നേരത്തെ കണക്കാക്കിയതിൽ നിന്ന് അവരുടെ ബജറ്റ് എസ്റ്റിമേറ്റ് വീണ്ടും വെട്ടിക്കുറയ്ക്കണം. കൊവിഡ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട സ്കീമുകൾക്കായി കൈകാര്യം ചെയ്യുന്ന ചെലവുകൾക്ക് ഇത് ബാധകമല്ല. ചെലവ് വെട്ടിക്കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ, ഇതും ഉടൻ സംഭവിച്ചേക്കാമെന്നാണ് പ്രമുഖ ദേശീയ മാധ്യമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്.

കുറയ്ക്കേണ്ട തുക ആദ്യ പാദത്തിൽ സർക്കാർ ചെലവുകൾക്കായി കണക്കാക്കിയ 3.43 ട്രില്യൺ രൂപയുടെ ബജറ്റിൽ നിന്നായിരിക്കും. വെട്ടിക്കുറവ് അനിവാര്യമായിത്തീർന്നിരിക്കുന്നതായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. എല്ലാ എസ്റ്റിമേറ്റുകളും നികുതിയും നികുതിയേതര വരുമാനവും ഈ സാമ്പത്തിക വർഷം ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ വളരെ കുറവായിരിക്കുമെന്നും സർക്കാർ കാണിക്കുന്നു.

വർഷത്തിന്റെ ആദ്യ പകുതിയിൽ സർക്കാർ വായ്പയെടുക്കുന്ന കലണ്ടർ ഈ കുറവ് നികത്താൻ ഒരു വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടില്ല. സാധാരണയായി ഇന്ത്യാ സർക്കാരിന്റെ ചെലവ് പദ്ധതികൾക്ക് കീഴിൽ, മന്ത്രാലയങ്ങളും വകുപ്പുകളും അവരുടെ ബജറ്റിന്റെ 25 ശതമാനം വീതം വർഷത്തിലെ നാല് പാദങ്ങളായി ചെലഴിക്കണം എന്നാണ് വ്യവസ്ഥ. 

കേന്ദ്ര സർക്കാരിന്റെ കീഴിലെ വിവിധ ധനവിനിയോഗ ഇനങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. ചെലവു നിയന്ത്രണമില്ലാത്ത 17 ഇനങ്ങളുടേതാണ് ആദ്യ ഗണം: കൃഷി, ആയുഷ്, ഫാർമസ്യൂട്ടിക്കൽസ്, വ്യോമയാനം, ഉപഭോക്തൃകാര്യം, ഭക്ഷ്യ – പൊതുവിതരണം, പലിശയടവ്, സംസ്ഥാനങ്ങൾക്കുള്ള വിഹിതം, ആരോഗ്യ – കുടുംബക്ഷേമം, ആരോഗ്യ ഗവേഷണം, സുപ്രീം കോടതി, വിജിലൻസ് കമ്മിഷൻ, രാഷ്ട്രപതിയുടെ ആനുകൂല്യങ്ങളും ജീവനക്കാരും, യുപിഎസ്‌സി, റെയിൽവെ, ഗ്രാമവികസനം, ടെക്സ്റ്റൈൽസ്.

രണ്ടാം ഗണം: വിദേശകാര്യം, ആഭ്യന്തരം, നികുതി, കാർഷിക ഗവേഷണം ഉൾപ്പെടെ 31 ഇനങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയതിൽ 20% തുക മാത്രമേ ആദ്യ 3 മാസത്തിൽ ചെലവിടാൻ പാടുള്ളു. അതിൽത്തന്നെ, ഈ മാസം 8%, അടുത്ത 2 മാസങ്ങളിൽ 6% വീതം എന്ന നിയന്ത്രണവുമുണ്ട്. മൂന്നാം ഗണം: ആണവോർജം, ടൂറിസം, പഞ്ചായത്ത്കാര്യം, വനം–പരിസ്ഥിതി , ഫിഷറീസ്, വിദ്യാഭ്യാസം തുടങ്ങി 52 ഇനങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയതിൽ 15% തുക മാത്രമേ ആദ്യ 3 മാസത്തിൽ ചെലവിടാൻ പാടുള്ളു. ഓരോ മാസവും 5% വീതം  മാത്രം.

വലിയ പദ്ധതികൾക്കുള്ള ചെലവുകൾക്ക് ഇപ്പോൾ നിയന്ത്രണമില്ല. നിയന്ത്രണത്തിൽ ഇളവു വേണമെങ്കിൽ മന്ത്രാലയങ്ങൾ ധനമന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. നിലവിൽ 3 മാസത്തേക്കാണ് നിയന്ത്രണമെങ്കിലും നടപ്പു സാമ്പത്തിക വർഷത്തെ ബാക്കി മാസങ്ങളിലും നിയന്ത്രണം തുടർന്നേക്കുമെന്നും ഉത്തരവ് സൂചിപ്പിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved