
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിനെയും ബാധിച്ചിരിക്കുകയാണ്. വിവിധ മന്ത്രാലയങ്ങളോട് സെപ്റ്റംബര്‍ മാസം വരെയുള്ള സാമ്പത്തിക പാദത്തില്‍ ചെലവ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. വാര്‍ഷിക ബജറ്റ് നീക്കിയിരുപ്പില്‍ 20 ശതമാനം കുറയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് വരുമാനം കുറഞ്ഞതും കേന്ദ്രത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. പല തരത്തില്‍ ലഭിക്കേണ്ടിയിരുന്ന നികുതികളില്‍ അടക്കം ഇടിവുണ്ടായിട്ടുണ്ടെന്നാണ് സൂചന.
രണ്ടാം സാമ്പത്തിക പാദത്തിലെ നിയന്ത്രണങ്ങള്‍ പക്ഷേ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ബാധകമാവില്ല. ആരോഗ്യം, കൃഷി, വളം വകുപ്പ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഭക്ഷ്യ വകുപ്പുകള്‍ക്കൊന്നും ഈ നിയന്ത്രണങ്ങളില്ല. ഇതെല്ലാം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വകുപ്പുകളിലൊന്നാണ്. ഇതിന് പുറമേ ഭവന നിര്‍മാണ-നഗരവികസനം, കുടിവെള്ള വിതരണ വകുപ്പ്, റെയില്‍വേ, റോഡ് ഗതാഗതം, എംഎസ്എംഇ, ഗ്രാമീണ വികസനം തുടങ്ങിയ വകുപ്പുകളും ഇതില്‍ നിന്ന് ഒഴിവാകും.
ബാക്കിയുള്ള വകുപ്പുകളൊക്കെ 20 ശതമാനത്തോളം ചെലവുകള്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടി വരും. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സാമ്പത്തിക പാദമാണിത്. ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരവാണിത്. പെന്‍ഷന്‍ വിതരണം, പലിശ വിതരണം, സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം എന്നിവയുടെ കാര്യത്തില്‍ ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. കൊവിഡ് കാരണം ചെലവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്ന് ധനകാര്യ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളെ അറിയിച്ചു.
അതേസമയം ഏതെങ്കിലും മന്ത്രാലയത്തിന് ഈ നിര്‍ദേശം മറികടന്ന് ചെലവുകള്‍ നടത്തണമെങ്കില്‍ ധനമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണ്ടി വരും. ചെലവ് നിയന്ത്രിച്ച് നിര്‍ത്തുന്നത് കൊവിഡാനന്തര കാലത്ത് സമ്പദ് വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമനും അവകാശപ്പെടുന്നത്. ഇന്ത്യയുടെ മൊത്തം കടം 6.36 ശതമാനം വര്‍ധിച്ചിച്ച് 116.21 ലക്ഷം കോടിയില്‍ എത്തിയിട്ടുണ്ട്. ജിഡിപിയിലെ വന്‍ ഇടിവ് ഇന്ത്യയെ വന്‍ തോതില്‍ കടംവാങ്ങുന്നതിലേക്കാണ് നയിച്ചത്.