ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യുന്നു; 3 പതിറ്റാണ്ടിനിടെ ആദ്യമായി

December 03, 2020 |
|
News

                  ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യുന്നു; 3 പതിറ്റാണ്ടിനിടെ ആദ്യമായി

മുംബൈ: ചൈന ഇന്ത്യയില്‍ നിന്ന് വീണ്ടും അരി ഇറക്കുമതി ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് ചൈന ഇന്ത്യയില്‍ നിന്ന് അരിയിറക്കുന്നത്. ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇന്ത്യയില്‍ നിന്ന് ചൈന വന്‍ തോതില്‍ അരി ഇറക്കിയിരുന്നു. എന്നാല്‍ പിന്നീട് ഗുണമേന്മയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറക്കുമതി നിര്‍ത്തി.

ഹിമാലയന്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെയാണ് വീണ്ടും അരി വാങ്ങാന്‍ തുടങ്ങിയത് എന്നതും എടുത്തുപറയേണ്ടതാണ്. അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അടുത്ത വര്‍ഷം അരി ഇറക്കുമതി ചൈന വര്‍ധിപ്പിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ അരിയുടെ ഗുണമേന്മ പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ ഇറക്കുക എന്ന് അരി കയറ്റുമതി അസോസിയേഷന്‍ പ്രസിഡന്റ് ബിവി കൃഷ്ണ റാവു പറഞ്ഞു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഒരു ലക്ഷം ടണ്‍ അരിയാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ടണ്ണിന് 300 ഡോളര്‍ എന്ന നിരക്കിലാണ് കയറ്റുമതി. 40 ലക്ഷം ടണ്‍ അരിയാണ് ഓരോ വര്‍ഷവും ചൈന ഇറക്കുമതി ചെയ്യുന്നത്. തായ്ലാന്റ്, വിയറ്റ്നാം, മ്യാന്‍മര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ചൈനയിലേക്ക് നിലവില്‍ അരി കയറ്റുമതി ചെയ്യുന്നത്.

Related Articles

© 2025 Financial Views. All Rights Reserved