
അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന തലത്തിലേക്ക് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നു. ഏറെനാളായി തുടരുന്ന വ്യാപാരത്തര്‍ക്കം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും വാഷിങ്ടണില്‍ ചര്‍ച്ച നടത്തുന്നതിടെയാണ്, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ വര്‍ധിപ്പിച്ചുകൊണ്ട് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയത്. ആഗോള സമ്പദ്ഘടനയ്ക്കുതന്നെ ഈ വ്യാപാരത്തര്‍ക്കം ഭീഷണിയാകുമെന്നാണ് മുന്നറിയിപ്പ്.
25,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഇപ്പോഴുള്ള പത്ത് ശതമാനം തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം. 32,500 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേലും ഇതേനിലയ്ക്ക് തീരുവ വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന മുന്നറിയിപ്പും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം മറ്റൊരു ദിശയിലേക്ക് നീങ്ങുനന്നുവെന്ന മുന്നറിയിപ്പുകൂടിയാണിത്.
അമേരിക്കയുടെ നടപടിയെ തെല്ലും ഭയക്കുന്നില്ലെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്നാണ് ചൈനയുടെ പ്രഖ്യാപനം. ഇതോടെ, വ്യാപാരത്തര്‍ക്കം കൂടുതല്‍ രൂക്ഷമായി. ആഗോള വിപണിയില്‍ ശക്തമായ സാന്നിധ്യമായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തര്‍ക്കം ഇതേനിലയ്ക്ക് തുടരുന്നത് ലോകത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുമെന്ന് ലോകബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്കകമാണ് അമേരിക്കയുടെ ഇപ്പോഴത്തെ നടപടിയെന്നത് ശ്രദ്ധേയമാണ്.
ഇലക്ട്രോണിക്സ് ഉത്പന്ന രംഗത്ത് കുത്തകയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് കടുത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ നീക്കം. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കുപുറമെ, യന്ത്രസാമഗ്രികള്‍ക്കും വാഹനോപകരണ മേഖലയ്ക്കും ഫര്‍ണീച്ചര്‍ വ്യവസായത്തിനും അമേരിക്കന്‍ നടപടി തിരിച്ചടിയാകും. നിരാശാനജനകമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയം ഈ നീക്കത്തെ ആദ്യം വിശേഷിപ്പിച്ചത്. എന്നാല്‍, ഇതിനെ നേരിടാന്‍ ചൈന സര്‍വസജ്ജമാണെന്നും മന്ത്രാലയം വിശദീകരണം നല്‍കി.
വ്യാപാരത്തര്‍ക്കം പരിഹരിക്കാന്‍ ചൈനീസ് ഉപപ്രധാനമന്ത്രിയും പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാമ്പത്തികോപദേഷ്ടാവുമായ ലിയു ഹേ വാഷിങ്ടണില്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് ഈ നീക്കം. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മിനുചിനുവാണ് ചര്‍ച്ചയില്‍ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നത്. ഒരുവര്‍ഷമായി തുടരുന്ന വ്യാപാരത്തര്‍ക്കത്തിനിടെ, 36,000 കോടി ഡോളറിന്റ ഉത്പന്നങ്ങള്‍ക്കുമേല്‍ ഇരുരാജ്യങ്ങളും ഇറക്കുമതിത്തീരുവ ചുമത്തിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയില്ലെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ നടപടി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മിനുചിന്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ധരിപ്പിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് താക്കീതെന്നോണം ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. അമേരിക്കന്‍ കമ്പനികളുടെ ബൗദ്ധിക സ്വത്തുക്കള്‍ മോഷ്ടിക്കുന്നു, വ്യാപാര നിയമങ്ങളില്‍ വിവേചനം കാട്ടുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനക്കെതിരേ കഴിഞ്ഞവര്‍ഷം അമേരിക്ക വ്യാപാരത്തര്‍ക്കത്തിന് തുടക്കമിട്ടത്. അന്ന് 20,000 കോടി ഡോളറിന്റ ഇറക്കുമതിക്കേര്‍പ്പെടുത്തിയ പത്ത് ശതമാനം തീരുവയാണ് ഇപ്പോള്‍ 25 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നത്.