
ബീജിങ്: സൗദി അറേബ്യയില്‍ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വര്‍ധിച്ചു. 8.8 ശതമാനമാണ് വര്‍ധന. ചൈനയിലാകെ ഇന്ധന ഉപഭോഗം വര്‍ധിച്ചതാണ് കാരണം. യുഎഇയില്‍ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 86 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഇറാനിയന്‍ ബാരലുകള്‍ ലഭിക്കാതെ വന്നതാണ് കാരണമെന്നാണ് വിലയിരുത്തല്‍.
സൗദി അറേബ്യയില്‍ നിന്നുള്ള ഷിപ്‌മെന്റ്‌സ് 7.84 ദശലക്ഷം ടണ്ണാണ്. പ്രതിദിനം 1.85 ദശലക്ഷം ബാരലുകളാണ് ഇറക്കുമതി ചെയ്തതെന്ന് ചൈനയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിലുണ്ട്. എന്നാല്‍, ഫെബ്രുവരിയില്‍ പ്രതിദിനം 1.94 ദശലക്ഷം ബാരലുകളാണ് ഇറക്കുമതി ചെയ്തത്. 1.7 ദശലക്ഷം ബാരലായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഇറക്കുമതി ചെയ്തത്.
തുടര്‍ച്ചയായ ഏഴാം മാസവും സൗദി അറേബ്യ ചൈനയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി. അതേസമയം ചൈനയിലേക്ക് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. ആറ് ശതമാനമാണ് വര്‍ധന. 2020 മാര്‍ച്ചിനേക്കാള്‍ കൂടുതലാണ് ഇറക്കുമതി. പ്രതിദിനം 1.75 ദശലക്ഷം ബാരല്‍ വീതമാണ് ഇക്കഴിഞ്ഞ മാര്‍ച്ചിലെ ഇറക്കുമതി. ഫെബ്രുവരിയെ അപേക്ഷിച്ച് കുറവാണിത്. ഫെബ്രുവരിയില്‍ 1.91 ദശലക്ഷം ബാരല്‍ വീതമാണ് ഓരോ ദിവസവും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.