
ബെയ്ജിങ്: അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ശക്തമായതോടെ ചൈനയുടെ വ്യാവസായിക ഉല്‍പാദനം 17 വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍ എത്തി. ജൂലൈയില്‍ 4.8 ശതമാനം മാത്രം വളര്‍ച്ചയാണുണ്ടായത്. എന്നാല്‍ ജൂണിലിത് 6.3 ശതമാനമായിരുന്നു. ഇതോടെ ലോക സാമ്പത്തിക ശക്തികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചൈന വന്‍ തിരിച്ചടി നേരിടുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. 2002ന് ശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. ബ്ലുംബര്‍ഗ് ന്യൂസ് സര്‍വേ പ്രകാരം വ്യാവസായിക വളര്‍ച്ച 6 ശതമാനം വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നുവെങ്കിലും നേര്‍ വിപരീതമാണ് സംഭവിച്ചത്.
രാജ്യത്തെ ഉപഭോക്താക്കള്‍ മിതവ്യയ ശീലമുള്ളവരായി മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റീട്ടെയില്‍ രംഗത്തും ചൈന വന്‍ തിരിച്ചടിയാണ് നേരിടുന്നത്. ജൂണില്‍ 9.8 ശതമാനം വളര്‍ച്ച ലഭിച്ച മേഖല ജൂലൈയില്‍ 7.6ലേക്ക് താഴ്ന്നിരുന്നു. കയറ്റുമതിയിലും വിദേശ നിക്ഷേപത്തിലും ചൈന വന്‍ തിരിച്ചടി നേരിടുന്ന സമയത്താണ് ആഭ്യന്തര ഉപഭോഗത്തിലും ചൈന താഴേയ്ക്ക് പോകുന്നത്.
ഈ സമയത്ത് തന്നെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയില്‍ നടത്തിയ സന്ദര്‍ശനവും ചര്‍ച്ചയാകുന്നത്. ബെയ്ജിങില്‍ 3 ദിവസ സന്ദര്‍ശനത്തിനെത്തിയ ജയ്ശങ്കര്‍ ഇന്ത്യയില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരെ 2 തവണ കണ്ടു. ആദ്യത്തേതു അനൗപചാരികം. രണ്ടാമത്തേതു ചൈനയുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം ഔദ്യോഗികനിലപാടു വ്യക്തമാക്കാനും.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ബെയ്ജിങ് സന്ദര്‍ശനമാണു ജയ്ശങ്കറും അദ്ദേഹവും തമ്മില്‍ അടുക്കാന്‍ വഴി വയ്ക്കുന്നത്. അന്നു ചൈനയില്‍ അംബാസഡറായിരുന്ന ജയശങ്കര്‍ ആ സന്ദര്‍ശനം വിജയകരാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. ജമ്മു കശ്മീരിനു പ്രത്യേക പദവി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ചൈനയ്ക്കുളള അസന്തുഷ്ടി സന്ദര്‍ശനത്തിന്റെ മറ്റ് ഉദ്ദേശ്യങ്ങളെ പ്രതികൂലമായി ബാധിക്കാതെ നോക്കുന്നതില്‍ ജയ്ശങ്കര്‍ വിജയിച്ചു. അതേസമയം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.