
കൊച്ചി: ചൈനയില്‍നിന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലേക്കുള്ള ഉല്‍പന്നങ്ങളുടെ വരവും കസ്റ്റംസ് ഡ്യൂട്ടി വരുമാനവും കുറഞ്ഞു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു വിപണിയില്‍ ലഭ്യതയും കുറഞ്ഞു. ഒരു മാസത്തിനകമാണ് ഈ പ്രവണത എന്നതിനാല്‍ കൃത്യമായ കണക്കുകള്‍ ആയിട്ടില്ല. കൊച്ചി തുറമുഖത്ത് ചൈനീസ് ഉല്‍പന്നങ്ങളുടെ വരവ് 30 ശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ട്.
അനിശ്ചിതത്വം മൂലം, ചൈനീസ് ഇറക്കുമതി വ്യാപാരികള്‍ തന്നെ കുറച്ചിരിക്കുന്നു. ഇന്ത്യയിലേക്കു നേരത്തേ ഓര്‍ഡര്‍ നല്‍കിയ ഉല്‍പന്നങ്ങളുടെ കണ്‍സൈന്‍മെന്റ് ചൈനീസ് തുറമുഖങ്ങളില്‍ നിന്നു കപ്പല്‍ കയറ്റുന്നതും തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇലക്ട്രോണിക് ഉല്‍പന്നങ്ങളാണ് ഇറക്കുമതിയില്‍ വലിയൊരു ഭാഗം.
ടൈലുകള്‍, പ്ലൈവുഡ്, ഫര്‍ണിഷിങ് ഫാബ്രിക്, റെക്‌സിന്‍, പഴവര്‍ഗങ്ങള്‍, സ്റ്റീല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, പേനയും പെന്‍ സ്റ്റാന്‍ഡും സ്‌കൂള്‍ ബാഗും പോലുള്ള ജനറല്‍ സ്റ്റോര്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ചൈനയില്‍ നിന്ന് എത്തുന്നുണ്ട്. ഇവയില്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടിയും 20 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും ഉള്‍പ്പെടെ 40 ശതമാനത്തോളം ചുങ്കമുണ്ട്. മറ്റു പല ഉല്‍പന്നങ്ങള്‍ക്കും 30 ശതമാനത്തോളമാണ് ചുങ്കം. ഈ വരുമാനത്തിലും കഴിഞ്ഞ ആഴ്ചകളില്‍ ഇടിവുണ്ട്. അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം 300 ചൈനീസ് ഇനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ചില വാണിജ്യ സംഘടനകള്‍ തീരുമാനിച്ചിരുന്നു.
വിദ്യാഭ്യാസ രംഗത്ത് അത്യാവശ്യമായതോടെ സ്മാര്‍ട്‌ഫോണ്‍, ടിവി, ടാബ്, ലാപ്‌ടോപ് തുടങ്ങിയവയ്ക്ക് റെക്കോര്‍ഡ് വില്‍പനയായിരുന്നു കഴിഞ്ഞ മാസം. ഇവയില്‍ മിക്കതും ചൈനീസ് ഇറക്കുമതിയോ ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതോ ആണ്. പാശ്ചാത്യ ഉല്‍പന്നങ്ങള്‍ക്കു പോലും ഉള്ളിലുള്ള ഭാഗങ്ങള്‍ മിക്കതും ചൈനീസ് നിര്‍മിതമാണ്.
പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍, ടാബ് കമ്പനികളെല്ലാം തന്നെ ഇന്ത്യയില്‍ ഫാക്ടറി ആരംഭിച്ചിട്ടുണ്ട്. പക്ഷേ മൈക്രോചിപ്പുകളും മറ്റു പ്രധാന ഘടകങ്ങളും ചൈനയില്‍ നിന്നു വരണം. അതില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് വിപണിയില്‍ വില കൂടുകയും ലഭ്യത കുറയുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യ ഉല്‍പന്നങ്ങളാകട്ടെ കിട്ടാനുമില്ല.
6000 രൂപയ്ക്കു കിട്ടിയിരുന്ന ചെറിയ ടിവിക്ക് വില 8500 രൂപയായി. 20000 രൂപയ്ക്കു കിട്ടിയിരുന്ന ലാപ്‌ടോപ് 25000 രൂപയായി. ഓണത്തേക്കാള്‍ ആവശ്യക്കാര്‍ ഇപ്പോഴാണെന്നു വ്യാപാരികള്‍ പറയുന്നു. ആരും ഡിസ്‌ക്കൗണ്ട് കൊടുക്കുന്നുമില്ല. ഇറക്കുമതി കുറഞ്ഞതും ചൈനീസ് ഉല്‍പന്നങ്ങള്‍ ക്ലിയര്‍ ചെയ്യാന്‍ താമസം നേരിടുന്നതും പ്രധാന ഹബുകളായ മുംബൈയിലും ചെന്നൈയിലും തുറമുഖ പ്രവര്‍ത്തനം കോവിഡ് മൂലം സാവധാനത്തിലായതും സംസ്ഥാനാനന്തര ഗതാഗതത്തിലെ കാലതാമസവുമെല്ലാം ക്ഷാമത്തിനു കാരണമായിട്ടുണ്ട്. 1000 ടിവി ഡല്‍ഹിയില്‍നിന്നു വരുത്താന്‍ 17 ദിവസമാണ് പ്രമുഖ ഡീലര്‍ക്കു വേണ്ടിവന്നത്.