സിറ്റി ബാങ്ക് ഇന്ത്യ വിടുന്നു; എത്ര പേര്‍ക്ക് ജോലി നഷ്ടമാകും? ഇടപാടുകാര്‍ എന്ത് ചെയ്യും? അറിയാം

April 16, 2021 |
|
News

                  സിറ്റി ബാങ്ക് ഇന്ത്യ വിടുന്നു; എത്ര പേര്‍ക്ക് ജോലി നഷ്ടമാകും? ഇടപാടുകാര്‍ എന്ത് ചെയ്യും? അറിയാം

മുംബൈ: സിറ്റി ബാങ്ക് പുനഃസംഘടനയുടെ ഭാഗമായി ഇന്ത്യയിലെ ഉപഭോക്തൃ ബാങ്കിങ് ബിസിനസ് അവസാനിപ്പിക്കുന്നു. റീട്ടെയില്‍ ബാങ്കിങ്, ഭവനവായ്പ, വെല്‍ത്ത് മാനേജ്മെന്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ അടങ്ങുന്ന ബിസിനസാണ് ഒഴിയുന്നത്. 1902-ല്‍ ഇന്ത്യയിലെത്തിയ സിറ്റി ബാങ്കിന് നിലവില്‍ 35 ശാഖകളാണുള്ളത്. നാലായിരത്തോളം ജീവനക്കാരുമുണ്ട്. 12 രാജ്യങ്ങളിലെ പ്രവര്‍ത്തനം കൂടി അവസാനിപ്പിക്കുകയാണ്.

അമേരിക്ക കേന്ദ്രമായുള്ള സിറ്റിബാങ്ക് ഇന്ത്യ വിടാന്‍ തീരുമാനിക്കുമ്പോള്‍ ഉയരുന്നത് പലവിധ ചോദ്യങ്ങള്‍. എത്ര പേര്‍ക്ക് ജോലി നഷ്ടമാകും, ഇന്ത്യയിലെ ഇടപാടുകാര്‍ എന്ത് ചെയ്യും. നിക്ഷേപിച്ച പണം നഷ്ടമാകുമോ എന്നിങ്ങനെ ഉയരുന്നു സംശയങ്ങള്‍. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട എന്നാണ് സിറ്റിബാങ്ക് കമ്പനി പ്രതികരിക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള 13 വിപണികള്‍ വിട്ടുപോകാനാണ് സിറ്റിബാങ്ക് തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ബാങ്കുകള്‍ അടച്ചുപൂട്ടില്ല. പകരം ബാങ്ക് മറ്റാരെയെങ്കിലും ഏല്‍പ്പിക്കും. ഇതിന് തയ്യാറുള്ള കമ്പനികളെയോ ബാങ്കുകളെയോ തിരയുന്നുണ്ട്. സിംഗപ്പൂര്‍, ഹോങ്കോങ്, ലണ്ടന്‍, യുഎഇ എന്നീ വിപണികളില്‍ ശ്രദ്ധ പതിപ്പിക്കുകയാണ് സിറ്റിബാങ്കിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് 13 രാജ്യങ്ങളിലെ പ്രവര്‍ത്തനം ഒഴിവാക്കുന്നത്. ബാങ്ക് മറ്റാര്‍ക്കെങ്കിലും കൈമാറുന്നത് വരെ സാധാരണ പോലെ ഇടപാടുകള്‍ നടക്കുമെന്നും ജീവനക്കാരെ പിരിച്ചുവിടില്ലെന്നും സിറ്റിബാങ്ക് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നു.

29 ലക്ഷം റീട്ടേല്‍ കസ്റ്റമേഴ്സ് സിറ്റിബാങ്കിന് ഇന്ത്യയിലുണ്ട്. 12 ലക്ഷം ബാങ്ക് അക്കൗണ്ടുകളും 22 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളുമുണ്ട്. 35 ബ്രാഞ്ചുകളിലായി 19000 ജീവനക്കാരാണ് ഇന്ത്യയില്‍ സിറ്റിബാങ്കിനുള്ളത്. മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ബാങ്കിന്റെ പ്രധാന ഓഫീസുകള്‍. പ്രവാസികള്‍ക്ക് ഏറെ സൗകര്യപ്രദമായ ഇടപാടുകളാണ് സിറ്റിബാങ്കിന്റേത്. ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം ജീവനക്കാരെയോ ഇന്ത്യയിലെ പ്രവര്‍ത്തനത്തെയോ ബാധിക്കില്ലെന്ന് സിറ്റി ഇന്ത്യ സിഇഒ അശു ഖുല്ലാര്‍ പറഞ്ഞു.

കമ്പനി ഏറ്റെടുക്കാന്‍ പറ്റുന്നവരെ തിരയുന്നുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്തിയാല്‍ ബാങ്ക് ഉടന്‍ കൈമാറും. കമ്പനി മാത്രമാണ് ഇന്ത്യ വിടുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ആസ്ത്രേലിയ, ബഹ്റൈന്‍, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, കൊറിയ, മലേഷ്യ, ഫിലിപ്പീന്‍സ്, പോളണ്ട്, റഷ്യ, തായ്വാന്‍, തായ്ലാന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നാണ് സിറ്റി ബാങ്ക് പിന്‍മാറുന്നത്.

Related Articles

© 2025 Financial Views. All Rights Reserved