ടാറ്റ മോട്ടോര്‍സിനെ തരംതാഴ്ത്തി സിഎല്‍എസ്എ; പിന്നാലെ ഓഹരി വിലയിലും ഇടിവ്

January 05, 2022 |
|
News

                  ടാറ്റ മോട്ടോര്‍സിനെ തരംതാഴ്ത്തി സിഎല്‍എസ്എ; പിന്നാലെ ഓഹരി വിലയിലും ഇടിവ്

ആഗോള, ആഭ്യന്തര ബ്രോക്കറേജുകള്‍ വലിയ വളര്‍ച്ചാ സാധ്യത പ്രവചിക്കുന്ന സ്റ്റോക്കുകളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്. വൈദ്യുത വാഹന വിപണിയില്‍ ചുവടുറപ്പിക്കുന്നതോടെ ടാറ്റ മോട്ടോര്‍സിന്റെ ഓഹരി വില പുതിയ ഉയരങ്ങളിലെത്തുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കുമുണ്ട്. എന്നാല്‍ ഇതിനിടെ, ആഗോള ബ്രോക്കറേജായ സിഎല്‍എസ്എ ടാറ്റ മോട്ടോര്‍സിനെ തരംതാഴ്ത്തിയത് കാണാം. ടാറ്റ മോട്ടോര്‍സിന് 'സെല്‍' റേറ്റിങ്ങാണ് സിഎല്‍എസ്എ കല്‍പ്പിക്കുന്നത്.
 
കുറഞ്ഞ വാല്യുവേഷനുള്ള പാസഞ്ചര്‍ വാഹന ബിസിനസ് മുന്‍നിര്‍ത്തിയാണ് സ്റ്റോക്കിന്റെ തരംതാഴ്ത്തല്‍. സമീപകാലത്ത് ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ട് നല്‍കിയതിലും താഴെയുള്ള വാല്യുവേഷനാണ് ടാറ്റയുടെ പാസഞ്ചര്‍ വാഹന വിഭാഗം ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഢംബര വാഹന ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വാല്യുവേഷനും കുറഞ്ഞിട്ടുണ്ട്. എതിരാളികളെ അപേക്ഷിച്ച് വൈദ്യുത വാഹന സെഗ്മന്റിലേക്കുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ തയ്യാറെടുപ്പുകള്‍ക്ക് വേഗം തുലോം കുറവാണ്. ഇക്കാരണങ്ങള്‍ കൊണ്ട് ടാറ്റ മോട്ടോര്‍സ് സ്റ്റോക്കിലെ ടാര്‍ഗറ്റ് 450 രൂപയില്‍ നിന്ന് 408 രൂപയായി സിഎല്‍എസ്എ വെട്ടിക്കുറച്ചു.

'ടാറ്റ മോട്ടോര്‍സിന്റെ ഇവി ബിസിനസിന് ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ട് കല്‍പ്പിച്ച 9.1 ബില്യണ്‍ ഡോളറിന്റെ വാല്യുവേഷന്‍ ഏറെ കൂടുതലാണ്. 5 ബില്യണ്‍ ഡോളറിന്റെ വാല്യുവേഷനാണ് ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ വാഹന ബിസിനസില്‍ ഞങ്ങള്‍ കാണുന്നത്. 2022 സാമ്പത്തിക വര്‍ഷം 12 ശതമാനം രേഖപ്പെടുത്തുന്ന ടാറ്റയുടെ വിപണി വിഹിതം 2050 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും 16 ശതമാനമാകുമെന്ന പ്രതീക്ഷയിന്മേലാണ് ഈ വാല്യുവേഷനും. ഇക്കാലയളവില്‍ കമ്പനിയുടെ ലാഭക്ഷമതയിലും ആനുപാതികമായ വളര്‍ച്ച ഞങ്ങള്‍ ഉറ്റുനോക്കുന്നു', സിഎല്‍എസ്എയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.

സിഎല്‍എസ്എ റേറ്റിങ് താഴ്ത്തിയതിനെ തുടര്‍ന്ന് ചൊവാഴ്ച്ച 1.66 ശതമാനം നഷ്ടത്തിലാണ് ടാറ്റ മോട്ടോര്‍സ് വ്യാപാരം നിര്‍ത്തിയത്. 496.80 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 489.35 രൂപയില്‍ തിരശ്ശീല വീണു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 1.95 ശതമാനവും ഒരു മാസം കൊണ്ട് 4.74 ശതമാനവും വീതം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ആറു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 41.39 ശതമാനം നേട്ടം തിരിച്ചുകൊടുക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 536.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 185.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ സാക്ഷിയാണ്.

Related Articles

© 2025 Financial Views. All Rights Reserved