നാലാം പാദത്തില്‍ അറ്റാദായത്തില്‍ 16 ശതമാനം വര്‍ധനവുമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്

May 24, 2022 |
|
News

                  നാലാം പാദത്തില്‍ അറ്റാദായത്തില്‍ 16 ശതമാനം വര്‍ധനവുമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്

2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ അറ്റാദായത്തില്‍ 16.26 ശതമാനം വര്‍ധനവുമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്. 274.62 കോടി രൂപയാണ് കമ്പനി മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മാര്‍ച്ച് പാദത്തിലെ അറ്റ വില്‍പ്പന മുന്‍ വര്‍ഷത്തെ കാലയളവിനേക്കാള്‍ 12.23 ശതമാനം വര്‍ധിച്ച് 1212.49 കോടി രൂപയുമായി.

ഏകീകൃത അടിസ്ഥാനത്തില്‍, നികുതിക്ക് മുമ്പുള്ള ലാഭം മുന്‍വര്‍ഷത്തേക്കാള്‍ 22.88 ശതമാനം വര്‍ധിച്ച് 374.14 കോടി രൂപയായി ഉയര്‍ന്നു. ഈ പാദത്തില്‍ മൊത്തം ചെലവ് 10.41 ശതമാനം ഉയര്‍ന്ന് 945.57 കോടി രൂപയായി. അതേസമയം, 2021-22 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ ഇടിവാണുണ്ടായത്. അറ്റാദായം 7.34 ശതമാനം കുറഞ്ഞ് 563.96 കോടി രൂപയായി.

കൂടാതെ, ഒരു ഓഹരിക്ക് 3.75 രൂപ അന്തിമ ലാഭവിഹിതവും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിലെ 72.86 ശതമാനം പങ്കാളിത്തവും കേന്ദ്രസര്‍ക്കാരിനാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണ, കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

നേരത്തെ, നാവിക സേനയ്ക്ക് വേണ്ടി എട്ട് അന്തര്‍വാഹിനി നശീകരണ യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കമ്പനി നേടിയിരുന്നു. മറ്റ് കപ്പല്‍ നിര്‍മാണ കമ്പനികളെ പിന്നിലാക്കിയാണ് ഈ കരാര്‍ കൊച്ചില്‍ ഷിപ്പ്യാര്‍ഡ് നേടിയത്. ഏഴര വര്‍ഷത്തിനുള്ളില്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി.

Related Articles

© 2025 Financial Views. All Rights Reserved