
ജോലിയില്‍ രാജിവെച്ചാല്‍ അവസാന ശമ്പളം വാങ്ങാന്‍ ഒരുമാസമെങ്കിലും ചുരുങ്ങിയത് കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഇനി മുതല്‍ ആ പ്രശ്‌നം ഇല്ലാതാവുമെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ അവസാന പ്രവൃത്തിദിനത്തിന് ശേഷമുള്ള രണ്ട് ദിവസത്തിനകം എല്ലാ വേതനങ്ങളും തൊഴിലുടമ നല്‍കണമെന്നാണ് പാര്‍ലമെന്റ് പാസാക്കിയ പുതിയ കോഡ് ഓണ്‍ വേജസ് 2019 നിഷ്‌കര്‍ഷിക്കുന്നത്. ശമ്പളം മുതല്‍ അടിസ്ഥാന ശമ്പളം ,ഡിഎ,റീടെയ്‌നിങ് അലവന്‍സ് അടക്കമുള്ള എല്ലാവിധ വേതനങ്ങളും ഈ കാലയളവില്‍ കൈമാറണം. രാജിവെച്ച് പോകുന്ന ജീവനക്കാരുടെ അവസാന ശമ്പളം പിടിച്ചുവെച്ച് വൈകിപ്പിക്കുന്ന തൊഴിലുടകള്‍ ഇനി കുടുങ്ങുമെന്നാണ് സാരം.
നിലവില്‍ ജീവനക്കാര്‍ പിരിഞ്ഞുപോകുമ്പോള്‍ തൊഴിലുടമ നല്‍കേണ്ട അന്തിമ പേയ്‌മെന്റ് കാലാവധിക്ക് ഇതുവരെ സമയപരിധി നിശ്ചയിച്ചിരുന്നില്ല. കമ്പനികള്‍ അവരുടേതായ നയങ്ങളാണ് പിന്തുടര്‍ന്നിരുന്നത് . അതേസമയം ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി പറഞ്ഞുവിടുകയോ ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങളിലെ അന്തിമവേതന പരിധി പേമെന്റ് ഓഫ് വേജസ് ആക്ട് 1936 അനുസരിച്ചാണ് നടപ്പാക്കേണ്ടത്. പുതിയ വേജ് കോഡ് നിലവില്‍ വന്നാല്‍ എല്ലാ തൊഴിലുടമകളും പുതിയ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.