
കൊച്ചി: ബവ്‌റിജസ് കോര്‍പറേഷന്‍ ലാഭവിഹിതം കൂടുതല്‍ എടുത്തതോടെ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യക്കച്ചവടം നഷ്ടത്തിലേക്ക് നീങ്ങുന്നു. ഇതുവരെ 8% മാത്രം ലാഭമെടുത്തു കണ്‍സ്യൂമര്‍ഫെഡിനു നല്‍കിയിരുന്ന മദ്യം ഇപ്പോള്‍ 20% ലാഭമെടുത്തു ബവ്‌കോ നല്‍കുന്നതാണു പ്രതിസന്ധിക്കു കാരണം. മദ്യത്തിന്റെ വിറ്റുവരവിന്റെ 16.67% ആണ് കണ്‍സ്യൂമര്‍ഫഡിനു ലഭിച്ചിരുന്ന ലാഭം. എന്നാല്‍, പുതിയ തീരുമാനം വന്നതോടെ ഇത് 7.41% ആയി.
ഈ തുകയില്‍ നിന്ന് 5.13% വിറ്റുവരവ് നികുതി, സെസ് എന്നീ ഇനങ്ങളിലും 2% ശമ്പളം, വാടക ഇനങ്ങളിലും പോയാല്‍ ബാക്കിയുള്ളത് നാമമാത്രമായ ലാഭമാണ്. കണ്‍സ്യൂമര്‍ഫെഡിന് സംസ്ഥാനത്ത് 39 മദ്യവില്‍പനശാലകളാണ് ഉള്ളത്. ഭൂരിഭാഗവും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ മദ്യം കൈകാര്യം ചെയ്യുമ്പോഴുള്ള നഷ്ടവും മറ്റ് അപ്രതീക്ഷിത ചെലവുകളും വന്നാല്‍ ലാഭം ഇല്ലാതാകുമെന്നാണ് ആശങ്ക. മറ്റു സംരംഭങ്ങളില്‍ നിന്നെല്ലാം ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടിയിലധികമാണ് മദ്യവില്‍പനയിലൂടെ ലഭിക്കുന്നത്.
അതിനാല്‍ മദ്യവില്‍പന നഷ്ടത്തിലായാല്‍ മൊത്തം ലാഭത്തില്‍ വലിയ കുറവ് വരും. ചെറിയ ലാഭം മാത്രം ഈടാക്കുന്നതിനാലാണ് ത്രിവേണി സ്റ്റോറുകളിലെ ഉല്‍പനങ്ങള്‍ക്കും, മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വില്‍ക്കുന്ന മരുന്നുകള്‍ക്കും വില കുറയുന്നത്. ത്രിവേണി സ്റ്റോറുകള്‍ പലതും നഷ്ടത്തിലുമാണ്. മദ്യവില്‍പനയില്‍ നിന്നുള്ള ലാഭം ഉപയോഗിച്ചാണ് ഈ നഷ്ടം മറികടക്കുന്നത്. അതിനാല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ മറ്റു സംരംഭങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും.