
ചെന്നൈ: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ. ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ, ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റ്, ബിഎംഡബ്ല്യു ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയിലെ ജീവനക്കാര്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വമേധയാ സംഭാവന ചെയ്തു.
കൂടാതെ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുമായി ചേര്‍ന്ന് ഡല്‍ഹി എന്‍സിആറിലും ചെന്നൈയിലും ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുന്നതിന് പ്രവര്‍ത്തിക്കും.
മാത്രമല്ല, ഡല്‍ഹി– ദേശീയ തലസ്ഥാന മേഖലയിലെയും ചെന്നൈയിലെയും ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കൈമാറും. ഈ രണ്ട് പ്രദേശങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും പിപിഇ കിറ്റുകള്‍ നല്‍കും. കൂടാതെ, ഡല്‍ഹി – ദേശീയ തലസ്ഥാന മേഖലയിലെയും ചെന്നൈയിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റും. നിലവിൽ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റ് മെയ് 3 വരെ അടച്ചിട്ടിരിക്കുകയാണ്.