
ന്യൂഡല്‍ഹി: ഒരു ഡോസിന് 150 രൂപ നിരക്കില്‍ സര്‍ക്കാരിന് വാക്സിന്‍ വിതരണം ചെയ്യുന്നത് ദീര്‍ഘാകാലാടിസ്ഥനത്തില്‍ കമ്പനിക്ക് താങ്ങാനാകുന്ന കാര്യമല്ലെന്നും 150 രൂപയെന്നത് മത്സരക്ഷമമായ വിലയല്ലെന്നും ഭാരത് ബേയോടെക് കമ്പനി. സര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിലെ നഷ്ടം നികത്തുന്നതിനായി സ്വകാര്യ വിപണികളില്‍ നിന്നും ഉയര്‍ന്ന വില ഈടാക്കേണ്ടി വരുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. അത്തരത്തിലുള്ള വില നയങ്ങള്‍ക്ക് വ്യക്തമായ ഉദാഹരണങ്ങള്‍ നിലവിലുണ്ടെന്നും ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്സിന്‍, ആഗോള വാക്സിന്‍ കൂട്ടായ്മയായ ഗാവിക്ക് ഡോസൊന്നിന് 320 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നതെന്നും എന്നാല്‍ സ്വകാര്യ വിപണിയില്‍ അതിന് 3,500 രൂപയാണ് വിലയെന്നും ഭാരത് ബയോടെക് കമ്പനി വിശദീകരിച്ചു.
സമാനമായി റോട്ടവൈറസ് വാക്സിനുകള്‍ കേന്ദ്രസര്‍ക്കാരിന് ഒരു ഡോസിന് 60 രൂപയ്ക്കാണ് നല്‍കുന്നത്. എന്നാല്‍ അതിന് സ്വകാര്യവിപണിയില്‍ 1,700 രൂപ വിലയുണ്ട്. കോവിഡ്-19 വാക്സിന്റെ ഒരു ഡോസിന് അന്താരാഷ്ട്ര തലത്തില്‍ 10 ഡോളര്‍ മുതല്‍ 37 ഡോളര്‍ വരെയാണ് (730 രൂപ മുതല്‍ 2,700 രൂപ വരെ) വിലയെന്നും ഭാരത് ബയോടെക് കമ്പനി പറഞ്ഞു. സര്‍ക്കാരിനും വന്‍കിട ഏജന്‍സികള്‍ക്കും നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന വിലക്കാണ് കോവാക്സിന്‍ സ്വകാര്യ മേഖലയ്ക്ക് വിതരണം ചെയ്യുന്നതെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. കുറഞ്ഞ അളവില്‍ വാക്സിന്‍ വാങ്ങല്‍, ഉയര്‍ന്ന വിതരണച്ചിലവ്, റീട്ടെയ്ല്‍ ലാഭം തുടങ്ങി അടിസ്ഥാനപരമായ നിരവധി ബിസിനസ് കാരണങ്ങള്‍ അതിന് പിന്നിലുണ്ടെന്ന് കമ്പനി പറഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം മൊത്തം കോവാക്സിന്‍ ഉല്‍പ്പാദനത്തിന്റെ പത്ത് ശതമാനമാണ് ഇതുവരെ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള ഡോസുകളുടെ ഭൂരിഭാഗവും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കാണ് വിതരണം ചെയ്തത്. ഇത്തരമൊരു സാഹചര്യത്തില്‍, എല്ലാ വിതരണങ്ങളിലും ഒരു ഡോസിന് ശരാശരി 250 രൂപയില്‍ താഴെ വിലയാണ് ഭാരത് ബയോടെക്കിന് ലഭിക്കുന്നത്. ഇനിയങ്ങോട്ട്, മൊത്തം ഉല്‍പ്പാദനത്തിന്റെ 75 ശതമാനം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കും ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കുമായിരിക്കും വിതരണം ചെയ്യുകയെന്നും കമ്പനി അറിയിച്ചു.