ഓക്‌സിജന്റെ ഓഹരി കുതിച്ചുയരുന്നു; ഒരു മാസത്തിനുള്ളില്‍ ഉയര്‍ന്നത് 133 ശതമാനം

April 21, 2021 |
|
News

                  ഓക്‌സിജന്റെ ഓഹരി കുതിച്ചുയരുന്നു;  ഒരു മാസത്തിനുള്ളില്‍ ഉയര്‍ന്നത് 133 ശതമാനം

കോവിഡിന്റെ രണ്ടാം തരംഗത്തിലും ബോംബെ ഓക്‌സിജന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന ഓഹരിക്കുണ്ടായത് വലിയ നേട്ടം. 133 ശതമാനമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഓഹരി വിലയിലുണ്ടായ വര്‍ധന. ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടത്തിന്റെ കാരണം ഒരു തെറ്റിദ്ധാരണയാണെന്നു മാത്രം. ബോംബെ ഓക്‌സിജന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഒരു ഓക്‌സിജന്‍ നിര്‍മാണ കമ്പനിയാണെന്നു വിചാരിച്ചാണ് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്റെ ഉപയോഗവും കൂടുകയാണല്ലോ.

മാത്രമല്ല, പല സംസ്ഥാനങ്ങളിലും കടുത്ത ഓക്‌സിജന്‍ ക്ഷാമവുമുണ്ട്. ഈ സാഹചര്യത്തില്‍ ഓക്‌സിജന്‍ നിര്‍മാണക്കമ്പനികള്‍ വലിയ നേട്ടമുണ്ടാക്കുമെന്നായിരുന്നു നിക്ഷേപകരുടെ ചിന്ത. പേരില്‍ ഓക്‌സിജന്‍ ഉണ്ടെങ്കിലും ബോംബെ ഓക്‌സിജന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഒരു ബാങ്ക് ഇതര ധനസ്ഥാപനമാണ് (എന്‍ബിഎഫ്‌സി). കമ്പനി ധനസ്ഥാപനമാണെന്നു തിരിച്ചറിഞ്ഞ് നിക്ഷേപകര്‍ ഓഹരികള്‍ വിറ്റതോടെ ഇന്നലെ കമ്പനിയുടെ ഓഹരിവില ഇടിഞ്ഞു. 5 ശതമാനമാണു നഷ്ടം.  

കഴിഞ്ഞ ദിവസം 24,574.85 രൂപ വരെ ഉയര്‍ന്ന ഓഹരി വില ഇന്നലെ 23,346 രൂപയായി. കഴിഞ്ഞ മാര്‍ച്ച് 25 വരെ കാര്യമായ ചലനമൊന്നുമില്ലാതിരുന്ന ഓഹരിയുടെ വിലയാണ് 20 ദിവസങ്ങള്‍ക്കൊണ്ട് ഒന്നര ഇരട്ടിയോളം ഉയര്‍ന്നത്. മുന്‍പ്, കമ്പനിയുടെ പ്രധാന ബിസിനസ് വ്യാവസായികാവശ്യത്തിനുള്ള വാതകങ്ങളുടെ നിര്‍മാണവും വിതരണവുമായിരുന്നു. 2018ല്‍ കമ്പനി ഈ ബിസിനസ് അവസാനിപ്പിച്ച് ധനകാര്യസേവന മേഖലയിലേക്കു കടന്നു. ഓഹരിവില അസാധാരണനിലയില്‍ ഉയര്‍ന്നതോടെ കഴിഞ്ഞ 8ന് ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് കമ്പനിയോടു വിശദീകരണം തേടിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved