കോവിഡില്‍ ഉലഞ്ഞ് സ്വര്‍ണ്ണ വിപണി; ഇറക്കുമതി ഒരു ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

January 07, 2021 |
|
News

                  കോവിഡില്‍ ഉലഞ്ഞ് സ്വര്‍ണ്ണ വിപണി; ഇറക്കുമതി ഒരു ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

കോവിഡ് മഹാമാരി മൂലം വ്യാപാര മേഖലയില്‍ വമ്പിച്ച ഇടിവ് തുടരുന്നതിനിടയില്‍ സ്വര്‍ണ്ണ വിപണിക്കും തിരിച്ചടി. ആളുകള്‍ അധികവും പുറത്തിറങ്ങാതെ ദീര്‍ഘ നാളുകള്‍ വീടുകളില്‍ കുടുങ്ങിപ്പോയത് മൂലം സ്വര്‍ണ്ണത്തിന് ഏറെ ഡിമാന്‍ഡ് കുറഞ്ഞു പോയ വര്‍ഷമായിരുന്നു 2020. മാത്രവുമല്ല, ഗതാഗത മേഖലയിലും മറ്റും ഉണ്ടായ മാന്ദ്യവും സ്വര്‍ണ്ണ കച്ചവട മേഖലയെ ബാധിച്ചു. അതോടെ 2020 ലെ ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി ഒരു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു.

അതേസമയം സ്വര്‍ണ്ണത്തിന്റെ വില കൂടിയതും ഉപഭോക്താക്കളെ മാര്‍ക്കറ്റില്‍ നിന്ന് അകറ്റി നിര്‍ത്തി. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപഭോഗ രാജ്യമായിട്ടു കൂടി കാര്യങ്ങള്‍ മോശമായിരുന്നു കഴിഞ്ഞ വര്‍ഷം. രാജ്യത്ത് തന്നെ സ്വര്‍ണ്ണ ഉപഭോക്താക്കളില്‍ വലിയൊരു പങ്ക് മലയാളികളാണ്. വിദേശത്ത് നിന്നുള്ള സ്വര്‍ണ്ണം വാങ്ങല്‍ കഴിഞ്ഞ വര്‍ഷം 275.5 ടണ്ണായി കുറഞ്ഞു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്ക് പ്രകാരം, റെക്കോര്‍ഡുകളില്‍ ഇത് ഏറ്റവും താഴ്ന്നതാണ്. മുമ്പ് ഇത് പോലെ ഡിമാന്‍ഡ് കുറഞ്ഞത് 2009 ലായിരുന്നു .

ഇന്ത്യയിലെ സ്വര്‍ണ്ണ ഉപഭോഗം തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇടിയുന്നത്. പ്രാദേശിക വിപണിയില്‍ റെക്കോഡ് വിലയായിരുന്നു സ്വര്‍ണ്ണത്തിന്. അത്‌കൊണ്ട് തന്നെ ആളുകള്‍ സ്വര്‍ണ്ണം വാങ്ങുന്നതില്‍ നിന്ന് മടിച്ചു നിന്നു. സ്വര്‍ണ്ണ വിപണിയില്‍ ഡിമാന്‍ഡ് കുറയുകയും കോവിഡ് നിയന്ത്രിക്കാന്‍ വേണ്ടി പലേടത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്വര്‍ണ്ണ വിപണിയില്‍ അനക്കം കുറഞ്ഞു. കോവിഡ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ജനങ്ങളുടെ സഞ്ചാരം കുറയ്ക്കുകയും ചെയ്തതിനാല്‍ പല സ്വര്‍ണ്ണ വ്യാപാരികളും പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടി. വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം വ്യോമ ഗതാഗതവും വിമാനങ്ങളും കുറഞ്ഞതോടെ ഇറക്കുമതിയില്‍ കാര്യമായ ഇടിവുണ്ടായി.

എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില്ലറ വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. ആളുകള്‍ പഴയ സ്വര്‍ണം കൊടുത്ത് പുതിയത് വാങ്ങുന്നുണ്ട്. റീട്ടെയില്‍ ഉപഭോക്താക്കളില്‍ നിന്നുള്ള കച്ചവടം കുറഞ്ഞെങ്കിലും സ്വര്‍ണ്ണം ഇപ്പോഴും നല്ല നിക്ഷേപമായി കരുതുന്നവര്‍ ഏറെയാണ്. സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിനനുസരിച്ച് സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് വര്‍ദ്ധിക്കുമെങ്കിലും, കോവിഡ് വാക്‌സിനേഷന്‍ വിജയകരമായതിനുശേഷം മാത്രമേ ആളുകള്‍ക്ക് ആത്മവിശ്വാസം ലഭിക്കൂ എന്നതിനാല്‍സ്വര്‍ണ്ണ വ്യാപാരം അത്ര പെട്ടെന്നൊന്നും സാധാരണ നിലയിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ജൂണ്‍-ജൂലൈ മാസത്തോടെ മിക്കവാറും ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുകയും ജനങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം ഉടലെടുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ 2021 ന്റെ അവസാന മൂന്ന്, നാല് മാസങ്ങളില്‍ ഉത്സവ സീസണാകുമ്പോഴേക്ക് കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് സ്വര്‍ണ്ണ വ്യാപാരികള്‍ കണക്കുകൂട്ടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved