കോവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലെ ഐടി കമ്പനികള്‍ക്ക് വിദേശ യാത്രാവിലക്ക്; അടിയന്തിര ആവശ്യത്തിനല്ലാതെ വിദേശ യാത്ര പാടില്ലെന്ന് സര്‍ക്കാര്‍; ഇന്ത്യയുടെ സാങ്കേതിക നഗരമായ ബെംഗളുരുവിന് കടുത്ത നിയന്ത്രണം; സാങ്കേതിക രംഗം തകര്‍ച്ചയിലേക്കോ?

March 11, 2020 |
|
News

                  കോവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലെ ഐടി കമ്പനികള്‍ക്ക് വിദേശ യാത്രാവിലക്ക്; അടിയന്തിര ആവശ്യത്തിനല്ലാതെ വിദേശ യാത്ര പാടില്ലെന്ന് സര്‍ക്കാര്‍; ഇന്ത്യയുടെ സാങ്കേതിക നഗരമായ ബെംഗളുരുവിന് കടുത്ത നിയന്ത്രണം; സാങ്കേതിക രംഗം തകര്‍ച്ചയിലേക്കോ?

ബെംഗളുരു: അടിയന്തിര ആവശ്യത്തിനല്ലാതെ വിദേശ നിയമനങ്ങള്‍ക്ക് ജീവനക്കാരെ അയയ്ക്കുന്നത് നിര്‍ത്താന്‍ സാങ്കേതിക കമ്പനികളോട് ആവശ്യപ്പെടുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച സംസ്ഥാന തലസ്ഥാനത്ത് കോവിഡ് -19 രോഗബാധയുടെ മൂന്ന് പുതിയ കേസുകള്‍ കൂടി  രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്. ഇന്ത്യയുടെ സോഫ്‌റ്റ്വെയര്‍ കയറ്റുമതിയുടെ മൂന്നിലൊന്ന് വരുന്ന 147 ബില്യണ്‍ ഡോളറിന്റെ വരുമാനം സൃഷ്ടിക്കുന്ന ബെംഗളൂരുവിലെ ഐടി കമ്പനികള്‍ക്ക് ഈ നീക്കം ബിസിനസ്സ് തടസ്സമുണ്ടാക്കാം. ഫെബ്രുവരി 21 മുതല്‍ കോവിഡ് -19 ബാധിത രാജ്യങ്ങളിലേക്ക് പോയ ജീവനക്കാരുടെ വിശദാംശങ്ങളും സംസ്ഥാന ആരോഗ്യ വകുപ്പ് തേടിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലേക്ക് ജീവനക്കാരെ അയയ്ക്കുന്നത് ഒഴിവാക്കാന്‍ നേരത്തെ സാങ്കേതിക കമ്പനികളെ ഉപദേശിച്ചിരുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി ബി ശ്രീരാമുലു പറഞ്ഞു. അടിയന്തിരമല്ലാത്ത സാഹചര്യത്തില്‍ ഒരു ജീവനക്കാരെയും അയയ്ക്കരുതെന്ന് അവരോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക കത്ത് നല്‍കിയിട്ടില്ല. നിരോധനത്തെക്കുറിച്ച് തന്റെ വകുപ്പിന് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന ഐടി ആന്‍ഡ് ബിടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ മിശ്ര പറഞ്ഞു. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ നിരോധനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മികച്ച നാല് സാങ്കേതിക സേവന കമ്പനികളില്‍ ഉള്‍പ്പെട്ട ഇന്‍ഫോസിസും വിപ്രോയും ബെംഗളൂരു ആസ്ഥാനമാണ്.

ബെംഗളൂരു ഇന്ത്യയുടെ സാങ്കേതിക ഹൃദയം

ഇന്റല്‍, ഡെല്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, എസ്എപി ലാബ്‌സ് തുടങ്ങി നിരവധി മള്‍ട്ടിനാഷണല്‍ ടെക്‌നോളജി ഭീമന്മാര്‍ ഈ നഗരത്തിലുണ്ട്. ഇവരുടെ എക്‌സിക്യൂട്ടീവുകളും എഞ്ചിനീയര്‍മാരും മീറ്റിംഗുകള്‍ക്കും ഹ്രസ്വകാല പ്രോജക്ടുകള്‍ക്കുമായി യുഎസിലും യൂറോപ്പിലുമെല്ലാം യാത്രചെയ്യുന്നുണ്ട്. 2019 ല്‍ 4.87 ദശലക്ഷം യാത്രക്കാര്‍ ബെംഗളൂരുവില്‍ നിന്നും വിദേശ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇന്‍ഫോസിസ്, വിപ്രോ, ആക്‌സെഞ്ചര്‍, ഇന്റല്‍ എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം ടെക്‌നോളജി കമ്പനികള്‍ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം രേഖപ്പെടുത്താന്‍ വിസമ്മതിച്ചു. ലോകമെമ്പാടും വര്‍ദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം തടയുന്നതിനായി ജീവനക്കാരുടെ യാത്രയ്ക്ക് (ഒഴിവാക്കാവുന്ന) നിരോധനം ഏര്‍പ്പെടുത്തിയ ആഗോള സാങ്കേതിക സ്ഥാപനങ്ങളുടെ നീക്കങ്ങള്‍ക്ക് സമാനമാണ് കര്‍ണാടകയുടെ നിര്‍ദ്ദേശമെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ലോകം അഭിമുഖീകരിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് കോവിഡ് -19. ധാരാളം ടെക്‌നോളജി കമ്പനികളുടെ യാത്രയ്ക്ക് നിരോധനം ഉള്ളതായും ഐഎസ്ജിയുടെ ഗവേഷകനായ പ്രിന്‍സിപ്പല്‍ അനലിസ്റ്റ് മൃണാള്‍ റായ് പറഞ്ഞു.

കോവിഡ് -19 സ്ഥിരീകരിച്ച നാല് കേസുകളുള്ള കര്‍ണാടകയില്‍, സാങ്കേതിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരാണ് അണുബാധയുടെ പ്രാഥമിക ഉറവിടം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡെല്‍ ടെക്‌നോളജീസ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അലോക് ഒഹ്രി കമ്പനിയിലെ ഒരു ജീവനക്കാരന് രോഗം ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞ് മടങ്ങിവന്ന ജീവനക്കാരില്‍ ഒരാള്‍ കോവിഡ് -19 പോസിറ്റീവ് ആയതായി മൈന്‍ഡ് ട്രീ പറഞ്ഞു. ജീവനക്കാരനും കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണെന്ന് മൈന്‍ട്രീ ചീഫ് പീപ്പിള്‍ ഓഫീസര്‍ പനീഷ് റാവു പറഞ്ഞു.

ഇപ്പോള്‍ യാത്ര ചെയ്യാതിരിക്കുന്നതില്‍ അര്‍ത്ഥമുണ്ട് എന്ന് ടെക്‌നോളജി കണ്‍സള്‍ട്ടന്റ് സിദ്ധാര്‍ത്ഥ് പൈ പറഞ്ഞു, ആവശ്യമെങ്കില്‍ അന്താരാഷ്ട്ര യാത്രകളെ സംസ്ഥാനം പരിമിതപ്പെടുത്തണം. കാരണം സാങ്കേതിക കമ്പനികള്‍ക്ക് ഏതാനും ആഴ്ചത്തെ തടസ്സങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. സുരക്ഷിതരായിരിക്കുന്നതാണ് നല്ലത്. സിലിക്കണ്‍ വാലിയില്‍ പോലും കമ്പനികള്‍ അവരുടെ ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മിക്ക സാങ്കേതിക കമ്പനികളും അവരുടെ ആശയവിനിമയത്തിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് ടീം പോലുള്ള വിദൂര സഹകരണ ഉപകരണങ്ങള്‍ സ്വീകരിക്കുന്നതിനാല്‍, നിയന്ത്രണങ്ങള്‍ക്കിടയിലും ഇത് പതിവുപോലെ കാര്യങ്ങള്‍ നടക്കുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. മുമ്പും ഈ ഉപകരണങ്ങള്‍ അവിടെ ഉണ്ടായിരുന്നു. പക്ഷേ ഉപയോഗിക്കുന്നത് കുറവായിരുന്നു. ഇപ്പോള്‍ അത് സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു എന്നും ഐഎസ്ജിയുടെ റായ് ചൂണ്ടിക്കാട്ടി.

കമ്പനി വീട്ടില്‍ നിന്ന് ജോലി ചെയാനും സാമൂഹിക അകലം പാലിക്കാനും സഹായിക്കുന്നുവെന്ന് നോയിഡ ആസ്ഥാനമായുള്ള എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ വക്താവ് പറഞ്ഞു. ഓണ്‍സൈറ്റ് ആവശ്യമുള്ള ബിസിനസ്സിന് ജീവനക്കാര്‍ക്ക് സുരക്ഷിതമായ പ്രവര്‍ത്തന അന്തരീക്ഷം ഉറപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓര്‍ഗനൈസേഷനിലുടനീളം യാത്രാ ഉപദേശം പൂര്‍ണ്ണ മുന്‍കരുതല്‍ നടപടികളോടെയാണ് നല്‍കിയിട്ടുള്ളത്. അനിവാര്യമല്ലാത്ത എല്ലാ യാത്രകളും നിര്‍ത്തിവച്ചിരിക്കുന്നു എന്നും വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved