മാസ്‌ക് ധരിച്ചില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 6 ലക്ഷം രൂപ!

March 01, 2021 |
|
News

                  മാസ്‌ക് ധരിച്ചില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 6 ലക്ഷം രൂപ!

മുംബൈ: കൊവിഡ് കാലം ഇന്ത്യന്‍ റെയില്‍വേയ്ക്കും വലിയ നഷ്ടത്തിന്റെ കാലമായിരുന്നു. എന്നാല്‍ ഈ ഫെബ്രുവരിയില്‍ പശ്ചിമ റെയില്‍വേ അപ്രതീക്ഷിതമായി പിരിച്ചെടുത്തത് ആറ് ലക്ഷത്തോളം രൂപ ആയിരുന്നു. പശ്ചിമ റെയില്‍വേയും ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും (ബിഎംസി) സംയുക്തമായി ചേര്‍ന്ന് പിരിച്ചെടുത്ത പിഴത്തുക 5.97 ലക്ഷം രൂപയാണ്. ഫെബ്രുവരി മാസത്തിലെ മാത്രം കണക്കാണിത്!

എന്തിനാണ് ഈ പിഴ ചുമത്തല്‍ എന്നതാണ് ഏറെ രസം. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍! 27 ദിവസം കൊണ്ട് 3,819 പേരെയാണ് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിടികൂടി പിഴ ചുമത്തിയത്. അങ്ങനെയാണ് പിഴത്തുക 5.97 ലക്ഷം രൂപയായത്. ഫെബ്രുവരി 26 ന് ആയിരുന്നു ഇത്തരത്തില്‍ ഏറ്റവും അധികം പിഴ പിരിച്ചെടുത്തത്. മൊത്തം 75,200 രൂപ! ഈ ദിവസം മാസ്‌ക ധരിക്കാത്ത 430 പേരെയാണ് റെയില്‍വേ അധികൃതരും ബിഎംസി അധികൃതരും ചേര്‍ന്ന് പിടികൂടിയത്.

2020 മാര്‍ച്ച് മുതല്‍ ഇതുവരെയായി മുംബൈ തദ്ദേശ ഭരണകൂടം മാസ്‌ക് ധരിക്കാത്ത കേസുകളില്‍ പിഴ ചുമത്തി ഖജനാവിലേക്ക് സമാഹരിച്ച മൊത്തം തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 32 കോടി രൂപയില്‍ അധികം വരും ഇത്. 16 ലക്ഷം ആളുകളെയാണ് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ഈ കാലയളവില്‍ പിടികൂടിയിട്ടുള്ളത്.

പത്ത് രൂപ മുതല്‍ ഇപ്പോള്‍ വിപണിയില്‍ മാസ്‌കുകള്‍ ലഭ്യമാണ്. എന്നിട്ടുപോലും പലരും അത് വാങ്ങി ധരിക്കാന്‍ തയ്യാറാകുന്നില്ല. മാസ് ധരിക്കാതെ പിടികൂടിയാല്‍ 200 രൂപയാണ് ഓരോരുത്തരില്‍ നിന്നും പിഴ ഈടാക്കുന്നത്. കൊവിഡ് പ്രതിസന്ധി ആദ്യഘട്ടത്തില്‍ ഏറ്റവും രൂക്ഷമായ സംസ്ഥാനം ആയിരുന്നു മഹാരാഷ്ട്ര. ഒരുഘട്ടത്തില്‍ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇപ്പോള്‍ വീണ്ടും രോഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. നിന്ത്രണങ്ങള്‍ കര്‍ശനമാക്കുകയല്ലാതെ മറ്റ് വഴിയില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാനം.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നാണ് മുംബൈ അറിയപ്പെടുന്നത്. കൊവിഡ് വ്യാപനം മൂലം വീണ്ടും ഒരു അടച്ചിടലിലേക്ക് നീങ്ങിയാല്‍ അത് രാജ്യത്തെ മൊത്തെ വിപണിയേയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രോഗബാധ കൂടുകയാണെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

Related Articles

© 2025 Financial Views. All Rights Reserved