
കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കും സഹായികള്‍ക്കും 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ച് കേന്ദ്രം. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമായ ഇന്‍ഷുന്‍സ് പരിരക്ഷ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജന പാക്കേജിനു കീഴിലാണ് സഹായം നല്‍കുന്നത്. രാജ്യത്ത് നിന്ന് കൊവിഡ് തുടച്ച് നീക്കുന്നത് വരെ മുന്‍നിരയില്‍ നിന്ന് പോരാടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. നിബന്ധനകളോടെയാണ് ഇന്‍ഷുറന്‍സ് നല്‍കുന്നത്.
കൊവിഡ് 19 മായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ക്ക് വിനിയോഗിക്കപ്പെട്ടിട്ടുള്ള ആശാപ്രവര്‍ത്തകര്‍ക്കും സഹായികള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുന്നത് അനേക കുടുംബങ്ങള്‍ക്ക് സഹായകരമാകും. ഗുണഭോക്താവിനു നിലവില്‍ ലഭിക്കുന്ന മറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷ കൂടാതെയായിരിക്കും പദ്ധതിക്ക് കീഴില്‍ നല്‍കുന്ന അധിക ഇന്‍ഷുറന്‍സ്. 13.29 ലക്ഷം അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കും 11.79 ലക്ഷം സഹായികള്‍ക്കും പദ്ധതിക്ക് കീഴില്‍ സഹായം ലഭിക്കും. കമ്മ്യൂണിറ്റി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പദ്ധതിക്ക് കീഴില്‍ സഹായം ലഭ്യമാണ്.
പദ്ധതി പ്രകാരം സാമൂഹ്യ, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കോവിഡ് 19 രോഗികളെ പരിചരിക്കുന്നവരും അവരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്നവരും തത്ഫലമായി രോഗം പിടിപെടാന്‍ സാധ്യത ഉള്ളവരും ആയ രാജ്യത്തെ മൊത്തം 22.12 ലക്ഷം പൊതു ജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. 90 ദിവസത്തേയ്ക്കാണ് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. കൊവിഡ് 19 രോഗിയുമായി ബന്ധപ്പെട്ടതു മൂലം ആകസ്മികമായി ജീവഹാനി സംഭവിച്ചവരും ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും.
അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് പുറമെ കേന്ദ്ര-സംസ്ഥാന ആശുപത്രികള്‍, കേന്ദ്ര - സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയുടെ സ്വയം ഭരണ ആശുപത്രികള്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കേന്ദ്ര മന്ത്രാലയത്തിന്റെ ആശുപത്രികള്‍ അവരുടെ ആവശ്യ പ്രകാരം നിയമിച്ചിട്ടുള്ള സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ചവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കും. പ്രാദേശിക-നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാര്‍, ദിവസ വേതന, ജീവനക്കാര്‍ക്കും താത്ക്കാലിക ജോലിക്കാര്‍ക്കും ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ട്.