കോവിഡ് പാക്കേജ് പ്രഖ്യാപനത്തിന് ശേഷവും വിപണിയില്‍ കാര്യമായ ഉണര്‍വില്ല; എന്തുകൊണ്ട്?

May 18, 2020 |
|
News

                  കോവിഡ് പാക്കേജ് പ്രഖ്യാപനത്തിന് ശേഷവും വിപണിയില്‍ കാര്യമായ ഉണര്‍വില്ല; എന്തുകൊണ്ട്?

മുംബൈ: കൊറോണ വൈറസ് ആഘാതം മറ്റെല്ലാ മേഖലകളേയും പോലെ വിപണിയേയും പ്രതികൂലമായി ബാധിച്ചിരുന്നു. അതിനാല്‍ത്തന്നെ കോവിഡ് പാക്കേജ് വിപണിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകവുമായിരുന്നു. എന്നാല്‍ ഘട്ടം ഘട്ടമായി സര്‍ക്കാര്‍ കൊവിഡ് ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടും വിപണി കാര്യമായി  ഉണര്‍ന്നില്ല.

സാമ്പത്തിക ഉത്തേജനവും സമ്പദ്വ്യവസ്ഥയുടെ പുനരുദ്ഘാടനവും പ്രതീക്ഷിച്ച് രണ്ടുമൂന്നാഴ്ചകളായി വിപണിയില്‍ മികച്ച പ്രതികരണമായിരുന്നു. സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ തലേന്നും പിറ്റേന്നും അനുകൂല പ്രതികരണം തുടര്‍ന്നു. സാമ്പത്തിക രംഗത്ത്  വളര്‍ച്ച ഉറപ്പാക്കുന്നതിനുതകുന്ന നേരിട്ടുള്ള സര്‍ക്കാര്‍ ചിലവഴിക്കല്‍ കുറവായതുകൊണ്ടാണ് വിപണിയുടെ ആവേശം നിലനില്‍ക്കാതെ പോയത്.

ഓഹരിയിലും ഡെറ്റിലും നിക്ഷേപവും ടിഡിഎസ്, ടിസിഎസ് കുറവും ഉള്‍പ്പെടുന്ന രണ്ടാം പാക്കേജിന്റെ യഥാര്‍ത്ഥ സാമ്പത്തിക ഫലം ഒന്നാം പാക്കേജിന്റെ 0.8 ശതമാനത്തിനു പുറമേ 0.25 ശതമാനത്തില്‍ താഴെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യ അകലവും മറ്റും കാരണമായി സാമ്പത്തിക മേഖല  വേഗക്കുറവിലേക്കു നീങ്ങുമ്പോള്‍ പെട്ടെന്നുണ്ടാകാവുന്ന പാപ്പരത്തവും തൊഴില്‍നഷ്ടവും പിടിച്ചു നിര്‍ത്തുക എന്നതാണ് ഉത്തേജക പാക്കേജിന്റെ ലക്ഷ്യം. പക്ഷേ സാമ്പത്തിക ഫലം കുറവാണെങ്കിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന 3.5 ലക്ഷം കോടിയുടെ വായ്പാ ജാമ്യ ഗാരണ്ടിയും തിരിച്ചടവിനുള്ള നാലുവര്‍ഷത്തെ മൊറട്ടോറിയവും നിലവിലെ സാഹചര്യം നേരിടാന്‍ ഉതകുന്ന കവചമായിത്തീരുക തന്നെ ചെയ്യും.

ഉത്തേജക പാക്കേജിന്റെ വലിയൊരു ഭാഗം റിസര്‍വ് ബാങ്ക് ധന വിപണിയിലിറിക്കുന്ന പണം തന്നെ ആയിരിക്കും. മൊത്തം പാക്കേജ് ജിഡിപിയുടെ 10 ശതമാനമായിരിക്കേ, പണ ലഭ്യത ജിഡിപിയുടെ 6 മുതല്‍ 7 ശതമാനം വരെ ആയിരിക്കും. അതേസമയം കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയും സമ്പദ്വ്യവസ്ഥ ഭാഗികമായി വീണ്ടും തുറക്കുകയും ചെയ്തതോടെ, ഓഹരികള്‍ വരും ആഴ്ചയില്‍ ഏകീകരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ദൗത്യം നിര്‍വഹിക്കുക തന്നെയാണ്. മൊത്തത്തില്‍ മാന്യമായ പാക്കേജ് തന്നെയാണിത് കരുതേണ്ടിയിരിക്കുന്നു.

പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും നഗരങ്ങളിലെ സാധുക്കള്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സാമ്പത്തിക സഹായവും പ്രതീക്ഷയും  വായ്പകളും മിനിമം വരുമാനവും ബിസിനസും നല്‍കി ഈ കലുഷകാലത്തെ അതിജീവിക്കാന്‍ പാക്കേജ് സഹായിക്കുന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ ഇതൊന്നും പര്യാപ്തമല്ല. സര്‍ക്കാരിന്റെ നേരിട്ടുള്ള ചിലവഴിക്കല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സഹായകമായിത്തീരുമായിരുന്നു.

ആഴ്ചയിലുടനീളം ആഗോള വിപണി ദുര്‍ബ്ബലമായിരുന്നു. സ്വാഭാവികമായും അഭ്യന്തരവിപണിയും ആഗോള വിപണിയുടെ മാര്‍ഗത്തില്‍ തന്നെയായി. ലോകത്തിന്റെ പലഭാഗങ്ങളിലും ഇതുപോലെയോ ഇതിലും വിപുലമോആയ ഉത്തേജക പാക്കേജുകള്‍ കണ്ടു. വായ്പാ ലഭ്യതയും സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനവും പ്രതീക്ഷിച്ച് തുടക്കത്തില്‍ ലോകമെങ്ങും അനുകൂല പ്രതികരണമായിരുന്നു. എന്നാല്‍ സാമ്പത്തികമേഖല തുറക്കപ്പെടുമെന്നു കരുതുമ്പോള്‍ വിപണിയിലെ ഇപ്പോഴത്തെ ആശയക്കുഴപ്പം നോക്കാം.

കോവിഡിനു മുമ്പുള്ള കാലത്തേതുപോലെ സാമ്പത്തിക മേഖല ഉടനെയൊന്നും പ്രവര്‍ത്തന ക്ഷമമാകില്ലെന്നു വിപണി കരുതുന്നു. കോവിഡ് ഭീഷണി ലോകത്തുനിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുവോളം സാമൂഹിക അകലം നിലനില്‍ക്കാന്‍ പോവുകയാണ്. പ്രശ്‌നം നീണ്ടുനിന്നാല്‍ ഭാവിയില്‍ പല മേഖലകളും കമ്പനികളും ഉള്‍പ്പടെ പല സംരംഭങ്ങളും പൊളിയുമെന്നും വിപണി കരുതുന്നു.

കൃത്യമായ പ്രവചനം അസാധ്യമായ സാഹചര്യമാണു നിലവിലുള്ളത്. കാര്യങ്ങള്‍ മാറിമറിയാന്‍ സാധ്യതയുള്ള അടുത്ത രണ്ടുപാദങ്ങളിലെങ്കിലും സ്ഥിതി പ്രവചനാതീതമാണ്. കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതിനനുസരിച്ച് ഭാവിയില്‍ വീണ്ടും താഴേക്കു പോയേക്കാം. അങ്ങിനെയൊരു സാഹചര്യത്തില്‍ ഒന്നാം പാദത്തില്‍ ബിസിനസിന്റെ പല മേഖലകളും പൂര്‍ണ പരാജയമാകാനാണിട.

എന്നിരുന്നാലും ഇന്ത്യന്‍ പാപ്പരത്വ കോഡിന്റെ നിയമങ്ങള്‍ ലഘൂകരിക്കുന്ന ഉത്തേജക പാക്കേജിലെ നിര്‍ദ്ദേശങ്ങള്‍ വിപണിക്ക് ഗുണകരമായേക്കും. കമ്പനി നിയമത്തില്‍ പ്രഖ്യാപിച്ച ഇളവുകളും വിപണിയെ വേഗത്തിലുളള വീണ്ടെടുപ്പിന് സഹായിച്ചേക്കും. എന്നാല്‍, പാക്കേജിനോട് വിപണി എങ്ങനെ പ്രതികരിക്കുന്നു എന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

Related Articles

© 2025 Financial Views. All Rights Reserved