
കൊച്ചി: തിയറ്ററുകളില്‍ കോവിഡ് ഇരുള്‍ വീഴ്ത്തിയ 3 മാസത്തില്‍ ജിഎസ്ടി, വിനോദ നികുതി ഇനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നഷ്ടമായത് ഏകദേശം 86 കോടി രൂപ. ചലച്ചിത്ര വ്യവസായ മേഖലയുടെ നഷ്ടം 600 കോടി രൂപയിലേറെ. തിയറ്ററുകള്‍ അടഞ്ഞിട്ട് 100 ദിവസങ്ങള്‍ പിന്നിടുന്നു. കോവിഡ് പ്രതിരോധ ഒരുക്കമായി മാര്‍ച്ച് 10 നാണു തിയറ്ററുകള്‍ അടച്ചത്. മാര്‍ച്ച് 31 വരെ അടച്ചിടാനായിരുന്നു ആദ്യ നിര്‍ദേശമെങ്കിലും കോവിഡ് ആളിപ്പടര്‍ന്നതോടെ വിലക്കു നീണ്ടു. നിര്‍മാതാക്കള്‍ മുതല്‍ ലൈറ്റ് ബോയ്‌സ് വരെ അറുപതിനായിരത്തിലേറെപ്പേരുടെ ഉപജീവന മാര്‍ഗമാണു സിനിമ. ഏറെയും ദിവസ വരുമാനക്കാര്‍.
ബോക്‌സ് ഓഫിസില്‍ കോടികള്‍ വാരേണ്ടിയിരുന്ന ഈസ്റ്റര്‍ വിഷു സീസണില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തതു കൊണ്ടു മാത്രം 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു വിലയിരുത്തല്‍. റിലീസ് മാറ്റിവച്ചതിനു പുറമേ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതും മുടങ്ങിയതുമായ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ വ്യവസായ മേഖലയുടെ നഷ്ടം 600 കോടി രൂപയിലേറെ. റിലീസ് മുടങ്ങിയത് 9 ചിത്രങ്ങളുടെ. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്ന 26 ചിത്രങ്ങളെയും ലോക്ഡൗണ്‍ ബാധിച്ചു. 20 ചിത്രങ്ങളുടെ ഷൂട്ടിങ് നിലച്ചു. ചില ചിത്രങ്ങളുടെ ഷൂട്ടിങ് പുനരാരംഭിച്ചത് ഈയാഴ്ച.
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം', മമ്മൂട്ടി നായകനായ 'വണ്‍', ഫഹദിന്റെ 'മാലിക്', ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്' തുടങ്ങിയയെല്ലാം ഗള്‍ഫ് മാര്‍ക്കറ്റ് കൂടി ലക്ഷ്യമിട്ടു നിര്‍മിച്ചവയാണ്. കോവിഡ് ആഗോളതലത്തില്‍ സാമ്പത്തിക മേഖലകളെ തകര്‍ത്തതോടെ വിദേശ വിപണിയിലെ സാധ്യതകള്‍ പോലും തല്‍ക്കാലം അടഞ്ഞ നിലയിലാണ്. സിനിമാ മേഖല സജീവമായാലും ഭീമമായ നഷ്ടത്തില്‍ നിന്നു കരകയറാന്‍ ഏറെ സമയമെടുത്തേക്കും.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിനിമാ ടിക്കറ്റുകളുടെ വിനോദ നികുതി ഒഴിവാക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ വയ്ക്കാന്‍ ചലച്ചിത്ര സംഘടനകള്‍ ഒരുങ്ങുന്നു. തിയറ്ററുകളുടെ വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജ് ഒഴിവാക്കുക, കോവിഡ് കാലത്തിനു ശേഷം ആരംഭിക്കുന്ന പുതിയ ചിത്രങ്ങള്‍ക്കു സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കൂട്ടായി സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കാനാണു നീക്കം. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
ഇന്നു നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഒരുമിച്ചു ചര്‍ച്ച നടത്തും. നികുതിയായും ക്ഷേമനിധിയായും സര്‍ചാര്‍ജായുമൊക്കെ സംസ്ഥാന സര്‍ക്കാരിനു കോടികള്‍ നല്‍കുന്ന സിനിമാ വ്യവസായത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണു യോഗത്തില്‍ ഉയര്‍ന്നതെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത് പറഞ്ഞു. ആയിരക്കണക്കിനാളുകള്‍ പട്ടിണിയിലേക്കു നീങ്ങുകയാണ്. അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം.