
ന്യൂഡല്‍ഹി: ആഗോള ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും വര്‍ധനവ് രേഖപ്പെടുത്തി. വിജയകരമായ രീതിയില്‍ കോവിഡ്19 വാക്‌സിന്‍ പരീക്ഷണങ്ങള്‍ മുന്നേറുന്നതായ സൂചനകളാണ് ക്രൂഡ് വിപണിക്ക് ആത്മവിശ്വാസം നല്‍കിയത്. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി നിരവധി രാജ്യങ്ങളില്‍ ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തിയത് ക്രൂഡ് വിപണിയില്‍ ഇടയ്ക്ക് സമ്മര്‍ദ്ദം വര്‍ധിക്കാനും ഇടയാക്കി.
ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ ആഴ്ചയില്‍ ബാരലിന് 44.96 യുഎസ് ഡോളറിന് വ്യാപാരം അവസാനിച്ചു. ജനുവരി കരാറിലെ യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ആഴ്ചയില്‍ ബാരലിന് 42.42 യുഎസ് ഡോളറിലേക്ക് മുന്നേറി. രണ്ട് ബെഞ്ച്മാര്‍ക്കുകളും ഈ ആഴ്ച ഏകദേശം അഞ്ച് ശതമാനം നേട്ടം കൈവരിച്ചു.
പെട്രോളിയ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മ, റഷ്യ, മറ്റ് ഉല്‍പാദകര്‍ എന്നിവര്‍ ക്രൂഡ് ഉല്‍പാദനം നിയന്ത്രിക്കുമെന്ന പ്രതീക്ഷ വിപണിയില്‍ നിലനിന്നത് ക്രൂഡ് നിരക്കിനെ ഇടിയാതെ പിടിച്ചുനിര്‍ത്തി. ഒപെക് പ്ലസ് ഗ്രൂപ്പ് ആസൂത്രിതമായ ഉല്‍പാദന വര്‍ദ്ധനവ് വൈകിപ്പിക്കുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നു. നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും ഒപെക് രാജ്യങ്ങള്‍ യോ?ഗം ചേരാനിരിക്കുകയാണ്. ജനുവരി മുതല്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഉല്‍പ്പാദനത്തിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.