ത്രൈമാസപാദ ഫലം പുറത്തുവിട്ട് ഡാബുര്‍ ഇന്ത്യ; 494 കോടി രൂപ അറ്റാദായം കുറിച്ചു

January 30, 2021 |
|
News

                  ത്രൈമാസപാദ ഫലം പുറത്തുവിട്ട് ഡാബുര്‍ ഇന്ത്യ; 494 കോടി രൂപ അറ്റാദായം കുറിച്ചു

രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനിയായ ഡാബുര്‍ ഇന്ത്യ ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. കഴിഞ്ഞ ത്രൈമാസപാദം 494 കോടി രൂപ അറ്റാദായം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. കൃത്യം ഒരു വര്‍ഷം മുന്‍പ് ഡാബുര്‍ ഇന്ത്യ 399 കോടി രൂപയായിരുന്നു അറ്റാദായം കയ്യടക്കിയത്. ഇത്തവണ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനവുണ്ടായി.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിലും വളര്‍ച്ച കാണാം. ഡിസംബര്‍ പാദത്തില്‍ 16 ശതമാനം നേട്ടത്തോടെ 2,729 കോടി രൂപ പ്രവര്‍ത്തന വരുമാന ഇനത്തില്‍ ഡാബുര്‍ കണ്ടെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഇത് 2,353 കോടി രൂപയായിരുന്നു.

കമ്പനിയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനവും അറ്റാദായവുമാണ് ഡിസംബര്‍ പാദം രേഖപ്പെടുത്തിയത്. പറഞ്ഞുവരുമ്പോള്‍ ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ ഡാബുറിന്റെ ചിലവുകളും വര്‍ധിച്ചു. ഇക്കുറി 2,218.68 കോടി രൂപയാണ് കമ്പനിക്ക് സംഭവിച്ച മൊത്തം ചിലവ്. ലളിത് മാലിക് രാജി വെച്ച സാഹചര്യത്തില്‍ പുതിയ സിഎഫ്ഓ ആയി അങ്കുഷ് ജെയിനെ നിയമിച്ച വിവരവും ഡാബുര്‍ ഇന്ത്യ വെള്ളിയാഴ്ച്ച വെളിപ്പെടുത്തി.

വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയതിനാലാണ് മികച്ച നേട്ടം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞതെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഡാബുര്‍ ഇന്ത്യയുടെ ഹോം ആന്‍ഡ് പേഴ്സണല്‍ കെയര്‍ ബിസിനസ് മാത്രം 16 ശതമാനം വളര്‍ച്ചയാണ് കുറിച്ചത്.

കമ്പനിയുടെ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസിലും മുന്നേറ്റം ദൃശ്യമാണ്. പോയപാദം 18.47 ശതമാനം വര്‍ധനവോടെ 2,442.18 കോടി രൂപയാണ് കണ്‍സ്യൂമര്‍ കെയര്‍ ബിസിനസില്‍ നിന്നും ഡാബുര്‍ വരുമാനം കണ്ടെത്തിയത്. മുന്‍വര്‍ഷമിത് 2,061.36 കോടി രൂപയായിരുന്നു. സമാനമായി ഭക്ഷ്യ ബിസിനസ് 228.87 കോടി രൂപയില്‍ നിന്നും 236.45 കോടി രൂപയായി ഉയര്‍ന്നു.

റീടെയില്‍ ബിസിനസില്‍ നിന്നും 21.23 കോടി രൂപയാണ് കമ്പനി കുറിച്ചത്. റീടെയില്‍ ബിസിനസില്‍ 38.69 ശതമാനം തകര്‍ച്ച ഡാബുര്‍ നേരിട്ടു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ റീടെയില്‍ ബിസിനസില്‍ നിന്നും 34.63 കോടി രൂപ വരുമാനം നേടാന്‍ ഡാബുറിന് സാധിച്ചിരുന്നു. ഇവയ്ക്ക് പുറമെ മറ്റു ബിസിനസ് മേഖലകളെല്ലാം കൂടി കമ്പനിക്ക് 23.60 കോടി രൂപ ഡിംസബര്‍ പാദത്തില്‍ ഡാബുറിന് സമര്‍പ്പിച്ചത് കാണാം. നിലവില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഡാബുര്‍ ഇന്ത്യ ഓഹരിയൊന്നിന് 515.25 രൂപയാണ് വില. വെള്ളിയാഴ്ച്ച ബിഎസ്ഇ സൂചികയില്‍ 2.34 ശതമാനം നഷ്ടത്തിലാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്.

Related Articles

© 2025 Financial Views. All Rights Reserved