അറ്റാദായത്തില്‍ 22 ശതമാനം ഇടിവുമായി ഡാബര്‍ ഇന്ത്യ

May 06, 2022 |
|
News

                  അറ്റാദായത്തില്‍ 22 ശതമാനം ഇടിവുമായി ഡാബര്‍ ഇന്ത്യ

ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ എഫ്എംസിജി കമ്പനിയായ ഡാബര്‍ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 21.98 ശതമാനം ഇടിഞ്ഞ് 294.34 കോടി രൂപയായി. 2021 ജനുവരി-മാര്‍ച്ച് പാദത്തില്‍ 377.29 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. വിറ്റുവരവിന്റെ കാര്യത്തില്‍ ഡാബര്‍ ഇപ്പോള്‍ 10,000 കോടി രൂപയുടെ കമ്പനിയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഡാബറിന്റെ വരുമാനം 10,888.68 കോടി രൂപയിലെത്തി. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 7.74 ശതമാനം ഉയര്‍ന്ന് 2,517.81 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ ഇത് 2,336.79 കോടി രൂപയായിരുന്നു.

ഡാബര്‍ ഇന്ത്യയുടെ നാലാംപാദത്തിലെ മൊത്തം ചെലവ് 2021 സാമ്പത്തിക വര്‍ഷത്തിലെ 1,969.54 കോടി രൂപയില്‍ നിന്ന് 2022 ല്‍ 8.7 ശതമാനം വര്‍ധിച്ച് 2,141.04 കോടി രൂപയായി. ഈ പാദത്തില്‍ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസ് വിഭാഗത്തില്‍ നിന്നുള്ള ഡാബറിന്റെ വരുമാനം 4.25 ശതമാനം ഉയര്‍ന്ന് 2,095.15 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,009.63 കോടി രൂപയായിരുന്നു. ഭക്ഷണ ബിസിനസ്സില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 274.14 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ല്‍ 31.28 ശതമാനം ഉയര്‍ന്ന് 359.90 കോടി രൂപയായി.

ഡാബറിന്റെ അന്താരാഷ്ട്ര ബിസിനസ് ഈ പാദത്തില്‍ 10.7 ശതമാനം ഉയര്‍ന്ന് 665 കോടി രൂപയായി. 2021-22 വര്‍ഷം ഡാബറിന് ശക്തമായ വര്‍ഷമായിരുന്നുവെന്നും, വര്‍ഷാവസാനത്തില്‍ ഇന്ത്യന്‍ ബിസിനസ്സില്‍ 13.8 ശതമാനം വരുമാന വളര്‍ച്ചനേടിയെന്നും ഡാബര്‍ ഇന്ത്യ സിഇഒ മോഹിത് മല്‍ഹോത്ര പറഞ്ഞു. അതേസമയം, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിന് 2.70 രൂപ (270 ശതമാനം) അന്തിമ ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി ഡാബര്‍ ഇന്ത്യ അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved